നീ ജയിച്ചാൽ,
നിന്നെയവർ വാനോളമുയർത്തും
നീ തോറ്റാൽ,
നിന്നെയവർ ചാട്ടവാറിനടിക്കും
നീ 'ഇങ്ക്വിലാബ്' വിളിച്ചാൽ,
നിന്റെ കൈകളിലവർ ചോപ്പ് കുത്തും
നീ ഹിന്ദുവാണെങ്കിൽ,
നിന്റെ കൈകളിലവർ കാവി ചുറ്റും
നീ മുസൽമാനാണെങ്കിൽ,
നിന്റെ കൈകളിലവർ പച്ച കുത്തും
നീ കറുത്തവനാണെങ്കിൽ,
നിന്നെയവർ കള്ളനാക്കും
നീ ജനാധിപത്യമെവിടെയെന്ന് ആക്രോശിച്ചാൽ,
നിന്നെ അവർ തുറുങ്കിലടക്കും
നീ സത്യം എഴുതിയാൽ നെഞ്ചിൽ അവർ
വെടിയുതിർക്കും
വികസനം പറഞ്ഞാൽ നിന്നെ അവർ
ഒറ്റപ്പെടുത്തും
ചോദ്യം ചെയ്താൽ നടുവിരൽ
ചൂണ്ടി നടതള്ളും
ജനനരേഖ ചോദിച്ചാൽ അമ്മയുടെ
ഗർഭപാത്രം കാണിക്ക ചോദിക്കും-
കൂടെ ജാതി വാലും!
ദൈവത്തെ കാണിക്കാൻ പറഞ്ഞാൽ
'ശിവ ശിവ അസംബന്ധം' എന്ന് അവർ പഴിക്കും!
നിനക്ക് മിണ്ടാനൊക്കുമോ എങ്കിൽ
നീ ഒറ്റയ്ക്ക് പൊരുതണം അപ്പോൾ
നിന്നെയവർ കണ്ണ്
ചൂഴ്ന്നെടുത്ത് ഇരുട്ടിലാക്കും.
അപ്പോൾ നീ നിന്റെ രക്തം കൊണ്ട്
വിപ്ലവം വരക്കുമോ? അതോ
ഭയന്ന് വിറക്കുമോ?
ഫലകങ്ങൾ നിഷേധിക്കപ്പെട്ടാൽ നീ കരയുമോ?
തൂലിക പിടിക്കുമ്പോൾ നിന്റെ കൈ വിറക്കുമോ?
വിമർശനം കേട്ട് നീ പതറുമോ?
എങ്കിൽ നീ കവി ആകുന്നതെങ്ങനെ?
കാരണം നിനക്ക് സത്യം എഴുതാനാകുമോ?
എങ്കിൽ നീ വർഗീയവാദിയാവില്ലേ? രാജ്യദ്രോഹിയാവില്ലേ ?
ഇങ്ങനെ ഞാൻ പറയുമ്പോൾ മഹാകവി ചിരിക്കുന്നു.
'മാറ്റുവിൻ ചട്ടങ്ങളേ സ്വയം,മാറ്റുമതുകളീ
നിങ്ങളെത്താൻ' എന്ന് പാടുന്നു
കേട്ടിരുന്ന സുൽത്താൻ
'ധർമ്മരാജ്യം' പൊടിതട്ടി എടുത്ത്
ദിവാൻജിയേ കല്ലെറിയുന്നു!
കണ്ണ്കെട്ടി ത്രാസുമേന്തി നിന്ന
ഭവതിയോടു ഞാൻ ചോദിച്ചു:
“നിറമില്ലാത്ത, വാലില്ലാത്ത മനുഷ്യനാകട്ടേ?
ഇല്ലെങ്കിൽ ആദിയിലേക്കൊരു യാത്രയ്ക്കായൊരുങ്ങട്ടേ?"
ഭവതി കുണുങ്ങി ചിരിച്ചു.
വിഡ്ഢി എന്ന് പുലമ്പി!
ഞാനോ മൗനിയായി അതാണല്ലോ
വിദ്ധ്വാനു ഭൂഷണം!
വിദ്ധ്വാൻ ആകും? കവി ആകുമോ?
