കട്ടിൽ

Poem

കട്ടിൽ



കട്ടിൽ വല്ലാതെ ഉലയുന്നു
രാത്രിയിൽ പിച്ചും പേയും
ഉടലിനു ചേരാതെ
ഉറയിൽ ഒതുങ്ങാത്ത വാള് പോലെ.

കട്ടിൽ ഒഴിഞ്ഞാൽ മുറി ഇല്ല
കയറിക്കിടക്കുന്ന വീടില്ല
തൊട്ടിലും മേശയും പീഠവും
ഉണ്ണുന്ന നേരത്തെ ഉന്മാദവും.

കോസടിയില്ല
വിരിയില്ല
തലയിണയില്ല
നേർപലകകൾ താങ്ങുന്ന കാല് മാത്രം.

ഒത്തകാലെങ്കിൽ കിടന്നുറങ്ങാം
ഒത്തൊരുമിച്ച് കഴിഞ്ഞ് പോകാം
ഒക്കാത്ത നേരത്ത് കൂത്തിച്ചി
കുത്തനെ നിന്നു മിഴിച്ചു നോക്കും.

അല്ലെങ്കിൽ
മെല്ലെയിണങ്ങി ഇമകളാൽ
രോമകൂപങ്ങളിൽ അഗ്നിവർഷം
കൈത്തലംകൊണ്ട് തഴുകി
ഒഴുകുന്ന
പുഴയിലെ ഇലകൾപോലെ.

A poem that uses the image of an unsteady bed as a metaphor to capture human restlessness, the pull of togetherness, and the ache of loneliness, brought to life through vivid imagery.


Related Articles