ദീർഘദൂരയാത്രാവണ്ടിയിൽ എനിക്കൊപ്പമുള്ള യാത്രികർ മാറിക്കൊണ്ടേയിരുന്നു. ആ യാത്രക്കൊടുവിലാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്: ഒരു ചെറുപ്പക്കാരൻ, കവി. ഞാൻ എന്നെത്തന്നെ കണ്ടതുപോലെ. അക്കാലമത്രയും തേടിയത് അയാളെയാണെന്നും തോന്നി.
അന്നോളമെൻ്റെ ജീവിതത്തിൽ വന്നുപോയവരെക്കുറിച്ചെല്ലാം ഞാൻ അയാളോട് പറഞ്ഞു. എൻ്റെ ജീവിതകഥ അങ്ങനെ അയാളുടെ കാതിലുമെത്തി. എങ്ങനെ ആ കഥ മുഴുമിപ്പിക്കും എന്നറിയാതെ ഞാൻ കുഴങ്ങി, അയാളെന്നെ വിട്ടുപോകുവോളം.
അയാൾക്കുശേഷം ഞാൻ അടുത്ത ആളിലേക്കെത്തി, പിന്നെ അതിനടുത്ത ആളുകളിലേക്കും. ഓരോരുത്തരോടും അന്നോളം കണ്ടവരെക്കുറിച്ചുള്ള കഥ ഞാൻ പലമട്ടിൽ പറഞ്ഞു; ഒടുവിലത്തെയാളെയും ചേർത്തു പറയുന്നത് എന്റെ ജീവിതമായി. എത്രകാലമിത് തുടരുമെന്നാണ് ഞാൻ ആലോചിച്ചത്.
ഞാനിപ്പോൾ കഥപറച്ചിലുകാരനല്ല, ഞാനാണ് കഥ; വന്നുപോയവരെല്ലാം ഓരോ അദ്ധ്യായം കൂട്ടിച്ചേർത്ത കഥ.
