കടങ്കവിതകൾ

Poem

കടങ്കവിതകൾ


1.

നിങ്ങളെനിക്ക്
കടം തന്നിട്ടുണ്ടോ?
ഇല്ലേൽ തന്നോളൂ...
പെട്ടെന്ന് 'തിരിച്ചു' തരാമെന്ന്
ഞാൻ പറയുമ്പോൾ
കടത്തിലെ കല നിങ്ങൾക്കനുഭവപ്പെടും.
ഒരു തമാശയായേ നിങ്ങൾക്കത് തോന്നൂ.
എന്നെ കാണുമ്പോ, കേൾക്കുമ്പോ,
എന്റെ സ്റ്റോറിയിൽ അറിയാതെ തൊടുമ്പോൾ
കടക്കാരനെന്ന ഭാവുകത്വം നിങ്ങളെ അസ്വസ്ഥനാക്കുമെന്ന് മാത്രം.

2.

'അർജന്റാണെന്ന' വാക്കിൽ
നിങ്ങളുടെ മനസ്സ് പിടഞ്ഞെന്ന് വരും.
ഗൂഗിൾ പേയിൽ ഇല്ലെന്ന്
പറയുമ്പോൾ എന്റെ നെഞ്ചും.
എങ്ങനെയെങ്കിലും?
വൈകുന്നേരത്തെങ്കിലും!
പന്ത്രണ്ടുമണിയ്ക്ക് മുൻപാണെങ്കിൽ നല്ലത്.
തുടർച്ചയായുള്ള എന്റെ ചോദ്യത്തിൽ
കടത്തിന്റെ വ്യാകരണം നിങ്ങൾക്ക് തെറ്റും.
എന്നെ പറ്റിയും.


Related Articles