"വരിൻ കൂട്ടരേ വരിൻ
കാഴ്ച പരിശോധിപ്പിൻ
പകുതി വിലയിൻമേൽ
കണ്ണടകൾ വാങ്ങുവിൻ."
പരസ്യം കണ്ടതിൻ നേരം
ഒഴുകീ ജനസാഗരം!
കണ്ണു കാണാത്തോനും
കുറച്ച് കാണുന്നോനും
കുഴപ്പമൊന്നുമില്ലാത്തോനും
വരിയിൽ നിൽക്കവേ,
സായിപ്പിൻ പടം കാണാൻ
കാഴ്ച പോരെന്നപ്പൂപ്പൻ...
സീരിയൽ കണ്ട് കരയാൻ
തനിക്കുമൊരെണ്ണമെന്നമ്മൂമ്മ...
പടത്തിൽ വന്നൊരു കറുത്ത കണ്ണട
സ്റ്റൈലായ് മാറീ ഇന്നാട്ടിൽ
ഇന്നിൻ സ്റ്റൈൽ ഇതത്രേ,
ചൊല്ലിയൊരു ഫ്രീക്കൻ.
മൂക്കിൽ കണ്ണട വെച്ചവൻ
മേപ്പോട്ടു നോക്കി നടപ്പൂ...
കറുത്ത കണ്ണട, ചുവപ്പ് കണ്ണട,
പച്ചക്കണ്ണട, നീലക്കണ്ണട
കുഞ്ഞുങ്ങൾക്കൊരു
കളിയായ് മാറീ.
