കടലെടുത്ത വീട്ടിൽ
ബാക്കിയായത് നാല് കല്ലുകൾ.
അച്ചുവിന്റെ
മിന്നയുടെ
പൈതത്തിന്റെ
എന്റെ.
ഒന്നിച്ചിരുന്ന് കല്ലുകളിക്കുമ്പോൾ
ഞങ്ങൾ ഓരോന്നും
ഓരോരുത്തർക്ക്
വീതം വെയ്ക്കുമായിരുന്നു.
വയ്യായ്മകൾ
വീതം വെയ്ക്കാതെ
ഒന്നിച്ചെടുക്കുമായിരുന്നു
സന്തോഷങ്ങൾ
തട്ടിപ്പറിച്ചോടുമായിരുന്നു
കളിക്കിടയിൽ
എന്തിനെന്നറിയാതെ
കരയുമായിരുന്നു.
തിരകൊണ്ടുള്ള കടലിൻ്റെ കളിയും
കല്ലുകളിയും ഒരുപോലെയാണ്.
മുറുക്കെപ്പിടുത്തത്തിൽ
അത് കണ്ടതിനെ കാണാതെയാക്കുന്നു.
നാല് കല്ലുകളും കൈക്കുള്ളിൽ ഞെരിച്ച്
ഞാൻ കടലിനെ നോക്കുന്നു
കടലിനടിയിലിപ്പോൾ മൂന്ന് കല്ലുകൾ വച്ചുള്ള
കല്ലുകളി തുടങ്ങിയിട്ടുണ്ടാവും.
