അരുവിയുടെ
മടിത്തട്ടിൽ കിടന്നിരുന്ന
ഒരു ഉരുളൻകല്ല്
താനൊരു മീനായി മാറി
നീന്തി തുടിക്കുന്നത്
സ്വപ്നം കണ്ട്
പിടഞ്ഞെണീറ്റു
വഴുവഴുപ്പുള്ള ഉടൽ
വെള്ളത്തിൽ തെന്നി
നീന്തി തുടങ്ങുമോയെന്ന് നോക്കി
അകവും പുറവും പാകപ്പെടുത്തി
കല്ല് കിടപ്പായി
പെട്ടെന്നതിന് വിശപ്പുണ്ടായി
ഇരതേടുവാനും ഇണചേരുവാനും
ജന്മവാസന മുളച്ചു;
മീൻ മണം കൊതിയുണർത്തി
അപ്പോൾ തൊട്ടുരുമ്മി
നീന്തി വന്ന ഒരു മീൻ
കാലമൊടുങ്ങിയതിനാൽ
വെള്ളത്തിന് മീതേക്ക് ചത്തുപൊന്തി
