പൊടിയെടുത്ത
പേനയെടുത്താദ്യമെഴുതുന്നത്
കടങ്കഥയാകുന്നു,
കടങ്ങൾ ബാക്കിവെക്കാതെ
കത്തിയൊഴിയും തിരിയിൽ
എണ്ണ പിടിപ്പിക്കലുമാകുന്നു.
ഒരു ചെമ്പോത്ത്
ഞൊടിയിടയിൽ
പറന്നുവന്ന്
തലയ്ക്കു മീതെയുള്ള
പുരയിൽ കൊത്തിവച്ച
പുരാവൃത്തത്തിൻ
പുത്തൻ അരുമസാക്ഷിയായി മാറിയതും
അതിലും താഴെയുള്ള
തട്ടിലെ പൂങ്കുല
പെട്ടെന്നോർമ്മ വന്ന
പാട്ടിനൊത്ത്
ചറപറാന്നാടിയതും...
ഒപ്പമൊപ്പം.
കഫം
തുപ്പിയതു
നിലത്തു വീണ വട്ടത്തിൽ
കർമ്മത്തിൻ
ഫലപ്രാപ്തിയുടെ
വെറ്റിലക്കറ.
നോക്കിനോക്കി
ചോപ്പിച്ചിടത്തെ
പുകവരകൾ മങ്ങി
മടുപ്പിക്കുന്ന
കാഴ്ചയറുതിയിൽ
വരൾച്ച പടർന്നു.
