പതുക്കെ വളരാൻ
കാത്തുനിൽക്കണം
മഴുവിൻ്റെ ധൃതി കണ്ട്
മരത്തിനെ പ്രാകരുത്
വേഗം വേഗം എന്ന്
ബഹളം കൂട്ടരുത്
വളരുന്തോറും
തണൽ സ്വപ്നം കാണുന്നോരുണ്ട്
കിളിക്കൂടിനൊരിടം
നോക്കുന്ന കുരുവികളുണ്ട്
ഊഞ്ഞാലിടാൻ
ചില്ല തേടുന്ന കുഞ്ഞുങ്ങളുണ്ട്
മരം പെയ്യുന്നതിൻ്റെ
ഒച്ചക്കിലുക്കത്തിൽ
പുസ്തകം വായിക്കാനിരിക്കുന്ന
പെൺകുട്ടികളുണ്ട്
പതുക്കെ വളരാൻ
കാത്തുനിൽക്കണം
മരത്തിനപ്പുറം
മരത്തിനായി വേവുന്ന
മനസ്സുകളുണ്ട്
മൂർച്ചയുടെ തത്ത്വശാസ്ത്രം
കൊണ്ട് മാത്രം
ഉത്തരം കണ്ടെത്താനാവാത്ത
ചോദ്യങ്ങളുണ്ട്.
