ഉള്ളാഴങ്ങളിൽകൊത്തിവലിച്ചൊരു
പരൽമീൻപോലെ,
ചിതമ്പൽകണ്ണിൽ
ഞരമ്പുചോരയിൽ
മിടിപ്പുംപിടച്ചിലും
നിലയ്ക്കുംവരെയത്
സമുദ്രത്തെപ്രണയിക്കും...
തീന്മേശയിൽനിരത്തും
സ്വാദ്‌നുരയും
രസേന്ദ്രിയങ്ങളിൽ
ഫണമുയർത്തും
ശരീരമാം
അവസാനയടയാളപ്പെടുത്തൽ.
പ്രണയമുരുകിക്കെടുമ്പോളുയരുമതേ
നിശൂന്യത, പ്രാണനോവ്.
അത്,
നാമില്ലാതാവുന്നുവെന്ന്
നാമറിയുന്നനേരം.
ഭൂമിയോപ്രതലമോ
നമുക്കില്ലാതാവുന്നനേരം
ബാക്കിവെച്ചചിലതുകൂടിയുണ്ട്
പ്രണയാനന്തരം.
കണ്ണിലെ,കാതിലെ
ഞരമ്പോട്ടങ്ങളിൽ
കടൽകൊതി
തേടിയ
രാവുകൾ...
സ്‌നേഹംനരപ്പിച്ചൊഴുക്കിയ
പ്രിയമാനസങ്ങൾ
നമുക്ക്മാത്രമായി
വേരറ്റംനനഞ്ഞ
മഴപെയ്ത്തുകൾ...
അപ്പോൾ,...
ഒറ്റയ്ക്കാവുമ്പോൾമാത്രം
തുറക്കേണ്ട
അറകൾ, പൂട്ടുകൾ...
നാമൊന്നുംകരുതിയില്ല
ഒരേദിശയിൽ
ഒരേകാറ്റിൽ
ഒരേചുവടിൽ
പരസ്പരം
ഒന്നെന്നുമാത്രമറിഞ്ഞു
ഒരേശിഖരത്തിൽ
സ്വപ്നംനട്ടവർ
വെളിച്ചത്തിന്റെ
തുരുത്തുകളിൽ
വീടുകെട്ടാൻ
മോഹിച്ചവർ
വെയിലോമഞ്ഞോ
തിരിച്ചറിയാത്ത
രാത്രിയാമങ്ങളിൽ
ഉറക്കംനഷ്ടപ്പെട്ട്
ആകാശവരമ്പിൽ
വസന്തംപങ്കുവെച്ചവർ
പ്രണയാനന്തരം മരണം വരിച്ചവർ
ഉള്ളാഴങ്ങളിൽകൊത്തിവലിച്ചൊരു
പരൽമീൻപോലെ,
ആത്മാവ്പരസ്പരം
ഊറ്റിക്കളഞ്ഞവർ
ഓ...ദൈവമേ
മരണമെന്നഒടുക്കത്തെ
സത്യത്തിൽ
ഉമ്മകൾകൊണ്ട്മൂടുന്നവർ...
In this deeply moving poem, K. V. Sumithra explores the grief of losing a loved one to death, capturing the silent, enduring ache that follows such an irreversible separation. The verses echo with unspoken words, lingering memories, and the silence that follows parting. Through vivid imagery and tender expressions, the poet gives voice to longing, absence, and the fragility of love. A delicate blend of vulnerability and strength, the poem becomes a reflection on how absence doesn’t erase love—but deepens its imprint on the soul.
