ജതിംഗ

Poem

ജതിംഗ


[അസമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ എന്ന ഗ്രാമം പക്ഷികളുടെ ആത്മഹത്യാതാഴ്‌വര എന്നാണറിയപ്പെടുന്നത്. കനത്തമഴയും മൂടല്‍മഞ്ഞുമുള്ള സെപ്റ്റംബറിനും നവംബറിനും ഇടയിലെ രാത്രികളില്‍ ധാരാളം പക്ഷികള്‍ ഇവിടുത്തെ കെട്ടിടങ്ങളിലും മരങ്ങളിലും മറ്റും ദിശതെറ്റി ഇടിച്ചുവീണ് മരണപ്പെടുന്നു. ഗ്രാമത്തിലെ ഒന്നര കിലോമീറ്ററോളം വരുന്ന ഒരു ഇടുങ്ങിയ പ്രദേശത്താണ് ഈ പക്ഷിമരണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ശാസ്ത്രലോകത്തിന് ഈ പ്രതിഭാസത്തെ പൂര്‍ണമായും വിശദീകരിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.]


ര പിടിക്കാനിറങ്ങിയ
ഇരുട്ട്.
ദീർഘയാത്രയ്ക്കു തയ്യാറായിരിക്കുന്ന
മൺസൂൺ.
കനത്ത മഞ്ഞിൽ
വെളിച്ചം
വിഭ്രാന്തിയുടെ
തട്ടകമൊരുക്കുന്നു.
പക്ഷികൾ
ചിറകടിച്ച്
മരണത്തിലേക്ക് കുതിക്കുന്നു
പക്ഷികളുടെ ചാവിൽ
അനുഗ്രഹവും
നിഗ്രഹവും
ദർശിച്ച കണ്ണുകൾ
പരസ്പരം ഏറ്റുമുട്ടി
മുളന്തണ്ടിൽ
പക്ഷികളെ കോർത്ത്
വിശപ്പാറ്റി.
സത്യം
അജ്ഞാതമായൊരു ഗുഹയിൽ
ഒളിച്ചിരിക്കുന്നതിനാൽ
ജതിംഗ
പക്ഷികളുടെ ആത്മഹത്യാതാഴ്‌വരയെന്ന്
വിളിക്കപ്പെട്ടു.
വിശ്വാസങ്ങളുടെ കാറ്റിൽ
അകപ്പെട്ടുപോകാത്ത 
ചില ചോദ്യങ്ങൾ
ചുറ്റിലും അലയടിച്ചു.
ജതിംഗയെ കാണുമ്പോൾ
ജീവിതം ബാക്കിനിർത്തി
മരണത്തിലേക്ക്
മുങ്ങാങ്കുഴിയിട്ട
വിദ്യാർഥികളെ
ഓർത്തു.
പറക്കാൻ മറന്നുപോയ
അവരുടെ ബാല്യമോർത്തു.
ജീവനുള്ളിടത്തെല്ലാം
ഒളിഞ്ഞിരിക്കുന്ന
ജതിംഗകളെക്കുറിച്ചോർത്തു.
കണ്ടെത്തിയിട്ടില്ലെന്ന
കാരണത്താൽ 
ഇനിയും വെളിപ്പെടാത്ത
ഘനീഭവിച്ച ദുഃഖങ്ങളെൻ്റെ
തോളിൽ കൈയിട്ടു.
മരണത്തിലേക്ക്
ചിറകടിച്ചുയരാൻ
പഠിപ്പിച്ച ഭാഷ
ചുറ്റും ചുവടുവയ്ക്കുന്നു.
പകൽ വിട പറഞ്ഞിറങ്ങുന്നു.
മരണം കാണാൻ
ഇത്ര ദൂരം യാത്ര ചെയ്തുവന്ന
എന്നെയോർത്തു.
മഞ്ഞുപോലെ
കനപ്പെട്ടിരിക്കുന്നൂ
ഓർമകൾ.
എനിക്കുള്ളിൽ
എനിക്കായൊരു
ജതിംഗയൊരുങ്ങി.
വെളിച്ചത്തിൻ്റെ 
നിയന്ത്രണത്തിലകപ്പെട്ട
ചിറകുമായി
ദിശയറിയാതെ
വെപ്രാളപ്പെട്ടു.


Related Articles