ഇരുട്ട്

Poem

ഇരുട്ട്


തെരുവിലെ ഇരുട്ടുപെറ്റ പെണ്ണുങ്ങൾ
കറുത്തിരിക്കും.
കറുപ്പ് ശരീരം കവിഞ്ഞൊഴുകി
ഇരുട്ടിനെ വീണ്ടും കറുപ്പിക്കും.
ഇര തേടി വന്നവർക്കവരെ കാണാനാവില്ല.
ഉണക്കത്തടിയിൽ നിന്നും ചാരനിറം വാർന്ന കൂമന്മാരെപോലെ
ഇരപിടിയന്മാരെ അവർ കബിളിപ്പിക്കും.

ഇവിടെ ചത്തുപോയവരുടെ പാപങ്ങൾ
അളന്നു നോക്കപ്പെടുന്നു
കള്ളനേയും കൊലപാതകിയേയും വിപ്ലവകാരിയേയും
കണ്ടെത്തുന്നു.
കള്ളന്റെ കഥയിലെ വിശപ്പും, പെണ്ണിന്റെ മാനവും പാണന്റെ പൊലയും
ഇരുട്ടിലാവുന്നു.

നിലാവില്ലാത്ത ഇരുട്ടാണിവിടെ
കണ്ണിലൂടെ കയറി കാലിലേക്ക് പടരുന്ന
കൂറ്റാകൂറ്റിരുട്ട്
ഇരുട്ടിൽ കറ പറ്റിയ വെളുത്ത പല്ലുകൾ മാത്രം
കറുപ്പിനെ കൊഞ്ഞനം കുത്തുന്നു.

കണക്കു പഠിക്കാതെ കണക്കു കൂട്ടുന്നവരുണ്ടിവിടെ
ആ കണക്കുകൾ തെറ്റാറില്ല.
അതിൽ അരക്കലം അരിയുടെ കണക്കാണ്
അതിനുവേണ്ട ശരികളാണ്.
വിളക്കുകാലിനടിയിൽ കണ്ണിലും കലത്തിലും
തിളച്ചുപൊത്തുന്ന ചോറ്റുപത
അതിൽ വറ്റു തിരയുന്ന അമ്മയുടെ കൈമുറിക്കുന്ന
പൊട്ടിയ കലത്തിന്റെ വക്ക്
അതുണക്കുന്ന മുത്തിയുടെ പതംവന്ന പാട്ട്


Related Articles