ഈ കാറ്റിലിങ്ങനെ

Poem

ഈ കാറ്റിലിങ്ങനെ


 

 

ചുവടിളക്കാതെ
ചുഴറ്റിയടിക്കുന്ന കാറ്റില്‍
തലയാട്ടി
ആടിത്തിമിര്‍ക്കുകയായിരുന്നു
മരങ്ങള്‍.
സ്വന്തം വീര്യത്താലേ
മിനുങ്ങിയ തെങ്ങുകളും
കഴുത്തുനിറയെ
വളകളണിഞ്ഞ
കവുങ്ങുകളും
പുളിയും പ്ലാവും
മാവുമെല്ലാം നിരന്നാടുന്ന
ആ ആട്ടത്തിനിടയിലൂടെ
ചെരിഞ്ഞും ചാഞ്ഞും
മഴ തിമിര്‍ത്തുപെയ്തു.
കിളികളുടെ ചിറകുകള്‍
കാറ്റിന്റെയും മഴയുടേയും
നിലയറ്റ കറക്കങ്ങളില്‍
ഗതി തേടി
കവളന്‍കാളിയുടെ
മഞ്ഞമുഖംമൂടി
ഉപ്പന്റെ തിളങ്ങുന്ന
കണ്ണുകളിലും
കുതിര്‍ന്ന ഉടലിലും
സന്ധ്യ വട്ടംചുറ്റി.


Related Articles