മനുഷ്യനെ കുഴിച്ചു നോക്കണം
അവിടവിടെ ഓരോ മൺകൂനകൾ കാണാം.
ചെറുതും വലുതുമായനേകം ശവക്കൂനകൾ.
രഹസ്യങ്ങളുടെ, ഓർമകളുടെ, നഷ്ടങ്ങളുടെ
സ്വപ്നങ്ങളുടെ, ദുഖങ്ങളുടെ, ആഗ്രഹങ്ങളുടെ
ചെറുതും വലുതുമായെത്രയെത്ര കൂനകൾ.
ചിലതിനു മേൽ വാടാത്ത പൂക്കൾ
ചിലതിനു മേൽ മുൾക്കാടുകൾ
മറ്റു ചിലതിൽ ചുവന്ന പയറു മണിച്ചെടികൾ.
ഓർക്കാനിഷ്ടമില്ലാത്ത ഓർമകൾക്ക് മേൽ
വലിയ ഉരുളൻ കല്ലുകൾ പെറുക്കിവെച്ചിരിക്കുന്നു.
സ്വപ്നങ്ങൾക്ക് മേൽ പ്രതീക്ഷകളുടെ തൂവലുകൾ.
ദുഖങ്ങൾക്കു മേൽ കണ്ണീരൂറവയുടെ നനവ്.
ഓരോ മൺകൂനകൾക്കും കഥകളുമുണ്ടാവാം.
ഉത്തരം കിട്ടാത്ത കടങ്കഥകൾ.
ജീവിതമാടി തീരാത്ത മനുഷ്യൻ്റെ
ദുർബലമനസ്സിലെ മൺകൂനകൾ..
ഇനിയും മൺകൂനകൾക്കായി
ഹൃദയഭൂമി മിച്ചമുള്ളവർ ഭാഗ്യവാന്മാർ.
അല്ലാത്തവർ കല്ലുകളുരുട്ടിയുരുട്ടി
കുന്നിന്മുകളിലെത്തിച്ചു നിർദാക്ഷിണ്യം
താഴേയ്ക്ക് തള്ളുന്ന നാറാണത്തു ഭ്രാന്തന്മാരായ്
ഉയിരുപേക്ഷിച്ച ഉടലുമായലഞ്ഞുകൊണ്ടേയിരിക്കും.
അവരുടെ പൊട്ടിച്ചിരികളിൽ മൺകൂനകൾ
ലാവ തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങളാവും.
