ഈ ഹവേലി പുരാതനം.
തലമുറകളുടെ ശ്മശാനം.
പൊടിപ്പുകളുടെ ഉദ്യാനം.
ശബ്ദങ്ങളും മൗനങ്ങളും പിണയുമിടം.
മൃതരും ജിതരും, പ്രഭുക്കളും ഭൃത്യരും
ഒരുമിച്ചു പാർക്കും പുരാമന്ദിരം.
ഇപ്പോൾ ഇവിടം വെറുപ്പുകൾ ചീയുമിടം
ദുരകൾ നീറുമിടം; രോഷം എരിയുമിടം
കരുണ വരളുമിടം; വ്യാധി പടരുമിടം
പുകക്കച്ച പൊതിഞ്ഞ ഭൂമി;
പൂതലിച്ച ആകാശത്തിനുകീഴിൽ
നരച്ച സൂര്യകാന്തിപ്പാടം
ആവർത്തിക്കുന്ന ദുഃസ്വപ്നം
ദുരന്തത്തിന്റെ ദൂതദൃശ്യം.
അതെ, കരാർ ഉറപ്പിച്ചുവത്രെ.
ഹിരണ്യകശിപു
പ്രത്യേക വിമാനത്തിൽ എത്തുമത്രേ.
നെടുംതൂണുകളും ചിത്രച്ചുമരുകളും
ആദ്യമേ തകർക്കുമത്രേ.
ഒഴിയാബാധകളായ ഓർമ്മകളെ
കുഴിച്ചു മൂടുമത്രേ
പിന്നാമ്പുറത്തെ അടിയാളക്കുടികളിലെ
ചിറകുവെന്ത നിഴൽപ്പാറ്റകൾക്കിനി
അഭയാർത്ഥിസംഘമായി ഇഴയാം.
നെഞ്ചുപിളർന്നവർക്കും
ഉടൽ തളർന്നവർക്കും
ഇരുട്ടറയിൽക്കിടന്ന്
സൈ്വരമായി അസ്ഥികൂടങ്ങളാകാം.
അത് മൗലികാവകാശം;
ആർക്കാകുമത് നിഷേധിക്കാൻ?
ശേഷിക്കുന്ന അന്തേവാസികൾക്കിനി
കാണരുതാത്തതു കണ്ട് കുരുടരാകാം
കേൾക്കരുതാത്തത് കേട്ട് ബധിരരാകാം
പറയരുതാത്തത് പറഞ്ഞ് മൂകരാകാം.
അനന്തരം നാൾവഴിയിൽ നിന്ന്
പേരുകൾ ഒന്നൊന്നായി മാഞ്ഞു പോകും
പേരും നമ്പരും നഷ്ടപ്പെട്ടവർ ഭാഗ്യശാലികൾ
അവർ അനാഥശവങ്ങളാകാൻ നിയുക്തരായവർ
പുഴയിൽ ഒഴുകിയഴുകേണ്ടവർ.
ഇനിമേൽ ഹവേലിയുടെ
ആളില്ലാമുറികളിൽ നിന്ന്
സങ്കടച്ചീവീടുകൾ ശബ്ദിക്കുകയില്ല
ചത്തുപോയ കുഞ്ഞുങ്ങളുടെ
തണുത്ത വിരലുകൾ
പാതിരാവിൽ അമ്മമാരെത്തേടി വരികയില്ല
കാണാതായ പെണ്ണുങ്ങളുടെ
ചതഞ്ഞ ആത്മാവുകൾക്കിവിടെ
പണ്ടേപ്പോലെ പ്രവേശിക്കാനാവില്ല
കുരച്ചും ചുമച്ചും
കുന്തിച്ചിരിക്കുന്ന കിഴവന്മാർക്ക്
ഇനിമേൽ പ്രാണവായു സൗജന്യമല്ല.
മാലിന്യമുക്തവും ശബ്ദരഹിതവും
സ്മൃതിശൂന്യവുമായ
ഹവേലിയുടെ കീർത്തി
ഇനി ദിഗന്തങ്ങളിലെത്തും;
അതൊരു ആഗോള വിസ്മയമായിരിക്കും.
സ്ഫടിക കമാനങ്ങൾ,
അംബരചുംബികൾ,
സുവർണ്ണശില്പങ്ങൾ,
കൂറ്റൻ പ്രതിമകൾ,
എങ്ങും യന്ത്രമനുഷ്യർ.
കണ്ണഞ്ചിക്കുന്ന തിളക്കം!
ആനന്ദം, അദ്ഭുതം,
രോമാഞ്ചദായകം!
(പ്രേതങ്ങളുടെ കോറസ്:)
ആനന്ദം! അദ്ഭുതം!
രോമാഞ്ചദായകം!
"Haveli" is a reflective poem that explores the promises and perils of modernization, capturing the silent void it leaves behind in human lives, society and nature.
