മുഷിഞ്ഞലഞ്ഞ
ഒറ്റമുണ്ടു ചുറ്റിക്കെട്ടി,
പിഞ്ചിപ്പറിഞ്ഞ
ഖദറു ഷർട്ടിന്റെ
നൂല് പൊട്ടിയ പോക്കറ്റിൽ
ക്ഷാമം കേറിയ
അയാളുടെ തോലുപേഴ്സും,
വാഴവെട്ടിയ കറ തെറിച്ചു
നിറം മാഞ്ഞൊരു
തോർത്തും തലയിൽ കെട്ടി;
പച്ച മാറാത്ത വാഴയില തട്ടിട്ട്
അടിത്തട്ടോളം
കുളിപ്പിച്ച
കെട്ടടുക്കി വെച്ച
വെറ്റില
അഴവിട്ടുപോവാറായ
ചണച്ചാക്കിലൊരു
വമ്പൻ കെട്ടാക്കി
ഏന്തി വലിഞ്ഞൊരു
കാലി സൈക്കിളിൽ
ഏഴു വെളുപ്പിനയാൾ
ചന്തയ്ക്ക് പോയിരുന്നു.
കാറ്റും പെശരും
കൂട്ടിനെത്തിയ
ഇടവപ്പാതിയും
അസ്ഥിയെല്ലു
തുളച്ചു കയറുന്ന
ശീതകാലക്കാറ്റും
വിശപ്പ് കാഞ്ഞൊട്ടിയ
വയറിനൊരു
പുത്തരിയല്ലായിരുന്നു.
വെറ്റില വിറ്റു
പേശിക്കിട്ടിയ
നാലണതുട്ടും
കാലിയായ കെട്ടിൻമേലൊരു
പലഹാരപ്പൊതിയുമായി വരുന്ന
അയാളെയും കാത്ത്
ഉമ്മറത്തൊരമ്മയും
അവരുടെയോരം ചേർന്നൊരു കുഞ്ഞും
നരകേറി കൂനു വളഞ്ഞൊരു മൂപ്പിന്നും
നോക്കിയിരുന്നു.
