വെങ്കലത്തെ ഞാനുരുക്കിയപ്പോൾ
അതിൽ പലകാലങ്ങളിലെ
പലരൂപങ്ങളിൽ അവൻ.
ഞാനവനെ തീയ്ക്ക്
പലപാകത്തിൽ വിട്ടുകൊടുത്തു.
ഓരോ പുറപ്പാടിലും
ഉരുകി, അവനുറച്ചു.
*ശില്പി ഞാനാകയാൽ
അവനെന്നെ വലംവച്ചു.
വഴക്കത്തിൻ കുഴലൂത്തിൽ അവനാടി
വടിവുകളെ ഒരുക്കിത്തന്നു-
അനവധി ഉടൽഭാവങ്ങളിൽ,
ആത്മഭാവങ്ങളിൽ.
അവനുചേർന്ന പെണ്ണൊരുവൾ
ഗംഭീരയായ് വന്നെത്തി.
ജന്മങ്ങൾ മാറ്റിച്ചവിട്ടി
ഏതുമാകുന്നവൾ.
വെങ്കലക്കൂട്ടിൽ അവളെത്തി, അമ്പുപോലെ.
അവൾതന്നെ വില്ലും എയ്ത്തുകാരിയും.
അവളിൽനി,ന്നവൾ എയ്തുകൊണ്ടിരുന്നു
അനന്തം പിറവികൾക്കുള്ള
ദ്രവസാധ്യതകൾ.
ഓരോ പ്രത്യക്ഷവുമോരോ വിളക്കുകാൽ.
അവൾ വെളിച്ചം തൂവിത്തൂവി
കുമിഞ്ഞു വന്ന്;
അമീബ പിളരുംപോൽ
പിളർന്നുകൊണ്ടേയിരുന്നു.
തളരാത്ത ലോഹത്തിൽനിന്ന്
തളരാത്ത പിറവികൾ.
ഒരു മുണ്ഡിത ശിരസിൽനി-
ന്നനേകം ശിരസുകൾ.
ആണായും പെണ്ണായും അവർ ആടി
പീഠങ്ങളിലവർ എഴുന്നുനിന്നു
അവർ അചരങ്ങളുമായി.
തൂണായും കാറ്റാടിയായും...
ശില്പി ഞാൻ ഉലകം ചുറ്റി
ഉലകം എന്നെ ചുറ്റി.
മുസൂയി, എന്റെ ആദ്യ പ്രജേ
നീതന്നെ എല്ലാം എന്ന്
ഞാനവന് കാട്ടിക്കൊടുത്തു:
തോരെത്തോരെ പിറന്നവയും
തോരെത്തോരെ പിറക്കുന്നവയും.
എല്ലാമറിഞ്ഞു പുറപ്പെട്ടുവെന്നോണം
അവനിൽ വിരിഞ്ഞു,
ആ പ്രാചീന മന്ദഹാസത്താമര.
In Jenny Andrews’ poem about Genesis, the act of creation is reimagined through the vivid and tactile metaphor of melting bronze. The speaker envisions herself not as a passive observer, but as an artist—specifically a sculptor—who actively shapes existence. The slow, transformative process of bronze melting parallels the unfolding of life and form, suggesting that creation is not instantaneous, but rather a laborious, intentional, and often molten act. Through this metaphor, Andrews highlights themes of craftsmanship, transformation, and agency.
