അമ്മക്ക് കൊടുക്കാനുള്ള
ഇരുനാഴി ഉരി!
വെളിച്ചപ്പെടുമ്പോൾ
അടഞ്ഞ ശബ്ദത്തിൽ
അയാൾ ചോദിക്കും.
തരാം
തരാമെന്ന്
തലമുറകൾ തലയാട്ടും
വാളിന്മേൽ പണം വെക്കും
അതിന്റെ തൃപ്തിയിൽ
അരിയെറിഞ്ഞ്
അലറി
നിറഞ്ഞ ചിലമ്പൊലി
കാറ്റിൽപ്പറത്തി
പടി കടന്ന്
പാടം കടന്ന്
കുണ്ടിത്തോടും
എടോഴിയും കടന്ന്
കണ്ടത്തിൽ
കാററിൻ ചോല
വട്ടംകൂടുന്ന
വെയിൽ ചായുന്നേരം
അയാൾ
ആലിൻ കടയ്ക്കലേക്ക് പായും
കറുങ്ങലിച്ചുപോകും
കുന്നിന്റെ പടിഞ്ഞാറ്റയിൽ
ചുകന്ന സന്ധ്യ.
ആ വെളിച്ചപ്പാട്
രണ്ടുനൂറ്റാണ്ടു മുമ്പ്
പുര കത്തിയതിന്റെ പിറേറന്ന്
മുടിഞ്ഞ പാനപ്പന്തലിൽ
തുള്ളിത്തെറിച്ചു വന്ന്
കൽപിച്ചു തുടങ്ങിയതാണ്.
തലമുറ തലമുറ കൈമാറിയതാണ്
അവുങ്ങാത്തകുരുപ്പു പോലെ
ഉദിപ്പിച്ചു നിർത്തിയ ചോദ്യം.
അനന്തിരവർക്ക് കൈമാറാതെ
തെക്കു പിടിച്ചിട്ടില്ല ഒരാളും
ഒരേയൊരു ചോദ്യം:
എന്റെ ഇരുനാഴി ഉരി
തരാമെന്നതാണ്
എന്നത്തേയും ഉത്തരം.
പുരകത്തുമ്പോൾ
പാനപ്പന്തലിൽ
കനലാട്ടം കണ്ടിരുന്ന
ഭഗവതി ചോദിക്കുന്നു:
എന്റെ ഇരുനാഴി ഉരി.
കത്തിയമർന്ന
ചേകവൻ വലം കൈയ്യിൽ
പാനമേൽ
പാനത്തണ്ടിന്മേൽ തറച്ചൊരു
പൂക്കുലമേലും
ജ്വലിച്ചിരുന്നു ആ ചോദ്യം.
