കൊഴിഞ്ഞ മന്വന്തരങ്ങളിലെന്നോ,
ഊഴിയുടെ ഊർവരതകളിലെങ്ങോ,
ആഴങ്ങളിലെ മാന്ത്രിക
സ്ഥലികളിലെവിടെയോ,
അഴുകിയമർന്ന പേരറിയാത്ത
ഒരു ഫോസിൽ....
ഋതുപരിരംഭണങ്ങളിലമർന്ന്...
മഞ്ഞിൽ കുളിർന്ന്...
മഴയിൽ നനഞ്ഞ്....
വെയിലേറ്റ് ചുവന്ന്...
ഋതുക്കൾ ഇടംവലം ഭ്രമണം
ചെയ്തപ്പോൾ മൃതകോശങ്ങൾ
തെരണ്ടുകുളിച്ചു.
ജീവബിന്ദുക്കളിൽ
മോഹബീജങ്ങൾ
വീണലിഞ്ഞു.
ചക്രവാളത്തിന്റെ
ആലിംഗനത്തിൽ
പുളകിതയായ കടലിന്റെ
സംഗീതം അവളിൽ
വേലിയേറ്റം സൃഷ്ടിച്ചു.
മുജ്ജന്മ സ്മൃതികൾ പേറി
പുനർജനിയിലൂടെ
ഒരു മടക്കയാത്ര.
മുഖമില്ലാത്ത മനുഷ്യരുടെ
വിചിത്രമായ മുഖംമൂടികളിൽ
അവൾ തനിക്കായി
ഒരു മുഖാവരണം തിരിഞ്ഞു.
തിരസ്കരണിയിൽ
സ്വയം മറച്ച്,
നിഴലില്ലാതെ അവൾ നീങ്ങി.
ഇരുട്ടു ചുമന്നു നിൽക്കുന്ന
വിളക്കുകാലുകളുടെ മറവിൽ
നിഴലുകൾ പിണയുന്നതു നോക്കി
നിഴലില്ലാത്തവൾ ചിരിച്ചു.
മുലകളില്ലാത്ത
അമ്മമാർ എറിഞ്ഞിട്ട
പിള്ളക്കച്ചകളിൽ
ഉച്ഛിഷ്ടം തിരയുന്ന നായ്
ചോരത്തുടിപ്പിനെ പാലൂട്ടുന്നു...
