പനി

Poem

പനി



ശ്വാസതടസ്സം, കഫക്കെട്ട്, ചുമ
സർവ്വസാധാരണമായ പനി
ചുമയ്ക്കുമ്പോൾ
നെഞ്ചുപറിയുന്ന വേദന
കുറയുവാൻ ഒരാഴ്ച പിടിക്കും
കൂടുവാൻ അത്ര വേണ്ട.
അയാൾക്കും എനിക്കും പനി
ഡോക്ടറെ കാണാൻ ഇരിക്കുന്നു
ഒരമ്മ കുഞ്ഞുമായി
നടകയറി എത്തുന്നു
അവർക്കും കുഞ്ഞിനും
അതേ പനി.

അയാളുടെ കൈവശം
ലാബ് റിപ്പോർട്ടും എക്‌സ്‌റേ ഷീറ്റുമുണ്ട്
ഡോക്ടർ അതു വാങ്ങി നോക്കുന്നു
രോഗവിവരം ചോദിക്കുന്നു
ഇൻഫക്ഷനുണ്ട്, സാരമില്ല
ഞാൻ മരുന്നു തരാം?
ആൻറീബയോട്ടിക്കു
കുറിച്ചു നൽകുന്നു
അയാൾ നടയിറങ്ങി പോകുന്നു

"കയറിക്കോ' ഞാൻ പറഞ്ഞു
"എനിക്കു തിരക്കില്ല'.

അവർ കുഞ്ഞുമായി
ഡോക്ടറുടെ സീറ്റിനടുത്തുള്ള
സ്റ്റൂളിലിരിക്കുന്നു
ഡോക്ടർ എഴുന്നേറ്റ് ലൈറ്റിടുന്നു
സ്റ്റെതസ്‌കോപ്പെടുത്ത്
അവരെയും കുഞ്ഞിനേയും
പരിശോധിക്കുന്നു
വിവരങ്ങൾ ചോദിച്ചറിയുന്നു
കുഴപ്പമില്ല,
നാലുദിവസത്തേക്കുള്ള
മരുന്നു കുറിച്ചു തരാം.

ആകാശത്തു ചുവപ്പു മായുന്നു
സന്ധ്യയായി.
അവരിറങ്ങിയപ്പോൾ
ഞാൻ അകത്തുകയറി
ചെലവഴിക്കുവാൻ
ധാരാളം സമയമുള്ള
ഒരു ധൂർത്തനെപ്പോലെ.
ഡോക്ടർ പരിചയം ഭാവിച്ചു:

'എന്താ വന്നത്'
കുറച്ചു ദിവസമായി ഒരു കഫക്കെട്ട്,
ജലദോഷം?

"ചുമയുണ്ടോ'
"ഇതു വരെയില്ല'
"സാരമില്ല ചുമ വന്നുകൊള്ളും
ഞാനതിന് ഒരു സിറപ്പും എഴുതിത്തരാം
ഞാനും ഒരു പെൻഷണറാണല്ലോ.
പോകാൻ വേറെ അധികം സ്ഥലങ്ങളില്ല,
അല്ലേ'
"സ്ഥലങ്ങൾ ഇല്ലാത്തതല്ല
പോവാനൊക്കുന്നില്ല'
ഒരൽപം മുഷിപ്പോടെ പറഞ്ഞു,

ഡോക്ടർ മരുന്നു കുറിച്ചു
ക്ലോക്കിലേക്കു നോക്കി
"ഇനി ഞാനും കടയടച്ചേക്കാം'
വിളക്കണച്ച് മുറിപൂട്ടിയിറങ്ങി.

"പനിമതി'
നടക്കുമ്പോൾ
ആകാശത്തേക്കുനോക്കി
ഉദിച്ചു വരുന്ന
ആ ഗുളിക വിഴുങ്ങിക്കൊണ്ട്
അയാൾ മന്ത്രിച്ചു.


Related Articles