ചിലരുണ്ട്
സ്വയമങ്ങു തീരുമാനിച്ച്
പെട്ടെന്നാരുനാൾ ഇറങ്ങിപ്പോകും,
ഇഹലോകത്തിന്നരങ്ങിൽ നിന്നും.
ഉറ്റവരോടൊന്നുമേ മൊഴിയാതെ
ഹൃദയത്തിൻ്റെ അയൽക്കാരോട്
രഹസ്യമൊന്നും പങ്കുവയ്ക്കാതെ,
ക്ഷണനേരം കൊണ്ടവർ
ഭൂമിയെ ഉപേക്ഷിക്കും.
തൊട്ടു നിന്നവർക്കും
തൊട്ടയൽക്കാർക്കും
നീന്തി കടക്കാനാകാത്ത കദനത്തിൻ്റെ പെരുങ്കടൽ
സമ്മാനിക്കും.
ഭൂമിയിൽ തുടരുന്ന അവർക്ക്
ശിഷ്ടജീവിതം ക്ലേശങ്ങൾ പടർന്ന
ബാലികേറാമല.
പോയവർ, ചാടിയാഴമളന്ന കടലിലെ ശംഖിൻ നാദം
വേണ്ടപ്പെട്ടവരുടെ കാതിലെന്നും
മുഴങ്ങിക്കൊണ്ടേയിരിക്കും.
അവർ കഴുത്തിൽ കുരുക്കിയ
കയറിൻ്റെ നാരുകൾ കൺമുന്നിൽ
കാലങ്ങളോളം ഊഞ്ഞാലാടും.
അവർ കഴിച്ച വിഷദ്രാവകത്തിൻ
ചവർപ്പ് കണ്ഠത്തിലേക്ക്
തികട്ടിക്കൊണ്ടേയിരിക്കും.
അവർ തലവച്ചു സംഗീതം നുകർന്ന
റെയിൽപ്പാളമുഴക്കങ്ങൾ
കാതുകളിൽ
തിരതല്ലികൊണ്ടേയിരിക്കും.
ഹൃദയം നൊന്ത ഉറ്റവർ കാലങ്ങളോളംനീറി, നീറി
പുകഞ്ഞുകൊണ്ടേയിരിക്കും.
അപവാദങ്ങളുടെ മാരുതൻ
റോന്തു ചുറ്റിക്കൊണ്ടേയിരിക്കും.
നിറം കേറ്റിയ നൂറായിരം കഥകൾ
അതിർത്തികളും കടന്നു പോയിരിക്കും.
അപ്പോഴും ഉത്തരം കിട്ടില്ലെങ്കിലും
ഒരു ചോദ്യം ഉറ്റവർ
പേർത്തും പേർത്തും
ചോദിച്ചു കൊണ്ടിരിക്കും
എന്തിനായിരുന്നു?
'Enthinayirunnu' Malayalam poem written by Sajeevkumar Palissery.
