എന്റെ ഖബറരികിൽ നീയൊരു മൈലാഞ്ചിമരം നട്ടുകൊൾക!

Poem

എന്റെ ഖബറരികിൽ നീയൊരു മൈലാഞ്ചിമരം നട്ടുകൊൾക!


എന്റെ ഖബറരികിൽ
നീയൊരു മൈലാഞ്ചിമരം
നട്ടുകൊൾക!

ഒറ്റക്കിരിക്കുമ്പോൾ വന്ന്
കെട്ടിപ്പുണരുക.
അതെന്റെ രക്തമൂറ്റിവലിച്ച്,
കിനാവുകളിൽ കത്തിപ്പടർന്ന്
ഞാനായി മാറും.

അതായിരിക്കണം
മൈലാഞ്ചിയിലെ
പച്ചയായ ചോരക്ക്
വിശുദ്ധമായ വിവക്ഷ.

മരിച്ചു മണ്ണാവാൻ
മനസ്സില്ലാത്ത മനുഷ്യർ
മണ്ണിന്റെ റൂഹ് പകുത്ത്
മൈലാഞ്ചിമരങ്ങളായി
പള്ളിക്കാട്ടിലെ
പൊള്ളുന്ന വെയിലിൽ
കത്തിയെരിഞ്ഞ്
നിത്യസന്ദർശകരെ
കാത്തിരിക്കും.


Related Articles