എന്റെ കവിതകൾ

Poem

എന്റെ കവിതകൾ


പതഞ്ഞൊഴുകുന്ന പാലിനോടും പുകഞ്ഞു കത്തുന്ന വിറകിനോടുമുള്ള
പിറുപിറുക്കലാണെന്റെ കവിത,
പാതി വെന്ത ചോറും പാകമാകാത്ത കറികളുമതു കേട്ടിരിക്കും

പുലരിയും പൂക്കളും മഞ്ഞുതുള്ളിയും
കവിതയിൽ നന്നായി വിരിയുമെന്നും
കിളികളും കാറ്റുമരുവികളും
കളകളം പൊഴിക്കുമോർമ്മയിൽ മുടങ്ങാതെ

കറുത്ത പേനയും പുതിയ പുസ്തകവും
പൊടിപിടിച്ചങ്ങനെ നോക്കിയിരിക്കും,
ആദ്യത്തെ മഷിത്തുള്ളി മണക്കുവാൻ

തൊട്ടുകൂട്ടി വെട്ടിയെഴുതി തട്ടിക്കൂട്ടുമിടയ്ക്കു
നാലഞ്ചു വരികൾ,
അതു കവിതയോ?


Related Articles