എന്റെ ജീവിതത്തിലെ ഒരു ദിവസം

Poem

എന്റെ ജീവിതത്തിലെ ഒരു ദിവസം


ഴയ കാമുകനെ ഉമ്മ വെക്കുന്നത്
സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നു.
ആ മറുതയുമായി എല്ലാം അവസാനിപ്പിച്ചതാണല്ലോ എന്ന്
നെടുവീർപ്പിടുന്നു.
പുതിയ സാഹസങ്ങൾക്ക് മുതിരാത്തതിന്
പെരുത്ത് നന്ദി എനിക്കു തന്നെ.

അടിച്ചു പോവാറായ കണ്ണ്
മൊബൈൽ ഫോൺ പ്രകാശത്തിൽ
കൂട്ടുകാരിയുടെ കാനഡ വ്ളോഗിൽ
മഞ്ഞളിക്കുന്നു.

ഒരു കൂട്ടുകാരൻ വേണോ കുട്ടീ
എന്ന അസ്തിത്വപ്രതിസന്ധി
മുഖം കഴുകുമ്പോൾ മായുന്നു.
wipe that out, feel totally fresh!
കാമുകനാണോ സുഹൃത്താണോ
എന്നറിയാത്ത സുന്ദരന് സെൽഫി അയക്കുന്നു.
badly in need of hugs
എന്നൊരു കാപ്ഷനും വെച്ചേക്കാം.

ചായ ഉണ്ടാക്കണം
പണിക്ക് പോണം.
ഈ ജോലി എന്ന പരിപാടി
കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം.
പുറത്തിറങ്ങുമ്പോൾ
ലോകം ഒരു മണിരത്നം സിനിമ പോലെ തിളങ്ങുന്നു.
'ഏയ് സിനാമിക' പാടി
ഒരു DQ പ്രേമിക്കുന്നു.
ഓവർടേക്ക് ചെയ്തതിന്
ബസ് ഡ്രൈവർ ഒരു ഫ്രീക്കനെ
കനത്ത തെറി പറയുന്നു.
മറ്റൊരുത്തിക്ക് ഹൈക്ക് കിട്ടിയതിന്
ഈഗോ അടിക്കുന്നു.
വീടെത്തുന്നു
സ്ക്രോളിംഗ് തുടരുന്നു.


Related Articles