എന്റെ ഗ്രാമം... നിന്റേത് കൂടിയും

Poem

എന്റെ ഗ്രാമം... നിന്റേത് കൂടിയും


മുളങ്കാടുകൾതീർത്ത കവാടം
ആനവണ്ടിയെ സ്വീകരിച്ചതും
കുന്നും വളവുകളും കണ്ടതും
സ്വപ്നമെന്നവണ്ണം ഇന്നലെകളിൽ മിന്നിമാഞ്ഞു.
ആളികത്തുന്ന മുളംകമ്പുകളുടെ
വെളിച്ചത്തിൽ ചൂടേകുന്നവർ.
ഊരു മൂപ്പന്റെ തുടിതാളത്തിൽ
ഉയർന്നുവരുന്ന ഈണങ്ങൾ.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന വചനമുൾകൊണ്ട്
മൂലയ്ക്കിരുന്നുമുറുക്കാൻ കുത്തുന്ന
കാളിയും ആമിനയും.
അവരുടെ നൊസ്സുകൾ,
കിസ്സപറഞ്ഞ്
മോണകാട്ടി ചിരിച്ചുതുടങ്ങി.
വിശപ്പിനെ മറന്നുകൊണ്ട്
വറ്റിയുണങ്ങിയ മുലക്കാമ്പിൽ ഊഞ്ഞാലാടുന്നവന്റെ
എല്ലുകളൂരി കൊൽക്കളി കളിക്കുന്ന ഇല്ലായ്മ,
അവളുടെ താരാട്ടിൽ തട്ടി
വിദൂരതയിൽ അലിഞ്ഞില്ലാതെയായി.
ഒഴുകി തീർന്ന പുഴപോലെ
അവളുടെ ശബ്ദം നേർത്തില്ലാതെയാവുന്നു.
പെയ്തിറങ്ങിയ മഞ്ഞുകണങ്ങൾ
ചിലന്തി വലകളിൽ
കഥകൾ മെനഞ്ഞു.
സൂര്യന്റെ ചൂടേറുന്നപ്പോൽ
കാല്പന്തുകളിയുടെ
വേഗം കൂടി.
അമ്മമനസിന്റെ വേവുപാകം പോലെ
കാറ്റിലും മഴയിലും
വിത്ത് വിതച്ചവർ.
നാടിനും നാട്ടർക്കുവേണ്ടിയും
കൊടികൂറ മുറുകെ പിടിച്ചവർ.
എന്റെ ഗ്രാമം നിന്റേത് കൂടിയും
എന്നുറക്കെ പറഞ്ഞവർ.
കാറ്റിലലിയുന്ന നേർത്ത കാഴ്ചകൾ
എനിയ്ക്ക് നൽകുന്ന ഗ്രാമം
ശാന്തമായി നിലകൊള്ളട്ടെ
ഇന്നിനും നല്ലനാളേക്കുവേണ്ടിയും.


Related Articles