എന്ന് സ്വന്തം റാം

Poem

എന്ന് സ്വന്തം റാം


ഇത് ചതുരത്തിലല്ല വട്ടത്തിലല്ല നീളത്തിലല്ല കുറിയതല്ല.
ഏതെങ്കിലും സംഗീതസംവിധായകന്
ഈണമിടാനോ പാട്ടുകാരന് പാടാനോ കഴിയില്ല.
ഇതിന് ഒളിഞ്ഞുനിന്ന് സാറ്റ് കളിക്കാൻ അറിയില്ല.
ഇതാരുടെ ക്ഷമയും ഐ ക്യുവും പരീക്ഷിക്കില്ല.

ഇത് മാമാങ്കങ്ങളിൽ ഞാനുമുണ്ടെന്ന്
പറയുന്നൊരു ആത്മരതി പങ്ക് വയ്ക്കില്ല.
ഇത് അവരവരിഷ്ടം വിധിനിർണ്ണയമേശമേൽ കഴുത്ത് നീട്ടില്ല.
എഴുത്തച്ഛന്റെയോ കാളിദാസന്റെയോ
അക്ഷരപാപം ഏറ്റ് വാങ്ങുകയോ
ആടകൾകൊണ്ട് പുതയ്ക്കാൻ കൈകൂപ്പി നിൽക്കുകയോ ചെയ്യില്ല.

ഇതിനെ പ്രശസ്തരൊന്നും തീട്ടക്കണ്ണ് കൊണ്ട്പോലും നോക്കില്ല.
ഇതിനെ കുളിപ്പിച്ച് കുറിയിട്ടിരുത്തിയാരും
പുകഴ്ത്തുകയോ നന്നായി ഉന്തുകയോ ചെയ്യില്ല.

സാധാരണക്കാരായ ചിലർക്ക് വേണ്ടിയാണിത് ജീവിക്കുന്നത്.
അവർക്കറിയാം ഇതിനുള്ളിലും അതിനുള്ളിലെന്നപോൽ
കാഴ്ചയുടെയും ഭാവനയുടെയും ബിനാലെയുണ്ടെന്ന്


Related Articles