എങ്കിലും വെറുതേ

Poem

എങ്കിലും വെറുതേ


നീ വന്നത് ഇന്നലെയായിരുന്നു
പെയ്ത് തോരാത്തമഴയോടൊപ്പം.
മഴയില്‍ നിന്റെയളകങ്ങള്‍ നനഞ്ഞിരുന്നു.
എള്ളിന്‍ പൂവൊത്ത മൂക്കിന്‍ തുമ്പിലെ
ജലകണം ലോകത്തെ മുഴുവന്‍ പ്രതിഫലിപ്പിച്ചു.

നഗരമാലിന്യങ്ങള്‍ നനച്ച നിന്റെ
കാല്‍പ്പാദങ്ങളിലേക്ക് നോക്കി
ഞാനിരുന്നു.
നമുക്കിടയില്‍ ഏഴ് കടലുകള്‍.

പ്രണയത്തിന്റെ വന്‍കരകള്‍
തുഴഞ്ഞെത്തിയ നാവികരെപ്പോലെ
പരസ്പരാലിംഗനങ്ങളുടെ
പതിവ് രീതികള്‍ വിട്ട്
നീ നിന്നിലേക്കും ഞാന്‍ എന്നിലേക്കും
തനിച്ചിരുന്നു.

നീ തന്ന വേദനകളും വേര്‍ പാടുകളും
തന്നെയാണ് മഴയായി പെയ്യുന്നത്.
മഴത്തൂവാനങ്ങളുടെ നനവിന്
നിന്റെ സാമീപ്യത്തിന്റെ തണുപ്പില്ല.


Related Articles