എണീക്ക് ഇതാ നിന്റെ അമ്മ

Poem

എണീക്ക് ഇതാ നിന്റെ അമ്മ


അക്ഷരഭ്രൂണം മരിച്ചു കിടക്കുകയാണ്
ഉണർത്താൻ നോക്കുന്നുണ്ട്
വിളിക്കുന്നുണ്ട്,
"മോളേ ഇതാ നിന്റെ അമ്മ" !!!
ഭ്രൂണം ശ്വാസം കിട്ടാതെ മരിച്ചതാണ്,
പറയാൻ ഏറെയുണ്ടായിട്ടും
മിണ്ടാതെ ചങ്ക് പിടഞ്ഞു മരിച്ചതാ..

ഒരു പുസ്തകത്താളിൽ
ഒതുങ്ങാൻ കൊതിച്ച
അക്ഷര ഭ്രൂണങ്ങളെ
എഴുതാതെ കൊന്നതാ..
എഴുതാൻ വെമ്പിനിൽക്കുമ്പോഴും
ജന്മം നൽകാൻ മടിച്ച എന്നെ
എങ്ങനെ അവരമ്മേന്ന് വിളിക്കും..

എഴുതണമെന്ന് ഉണ്ടായിരുന്നു,
മനസ്സിലാക്കാൻ ആരും
ഇല്ലെന്ന് തോന്നിയപ്പോൾ
ഭ്രൂണങ്ങളെ കൊന്നു!!!
ഇനി എഴുതിയ അക്ഷരങ്ങളെ,
ഒരു ഭ്രാന്തിയുടെ വാക്കുകളായി, കാണുന്നവരുടെ ഇടയിൽ
ജനിച്ച് എന്റെ അക്ഷരകുഞ്ഞുങ്ങൾ മരിക്കേണ്ടെന്ന് കരുതി
ഞാൻ ശ്വാസം മുട്ടിച്ചു കൊന്നതാ..

ഇപ്പോൾ ജനിപ്പിക്കണംന്ന് തോന്നി
ഞാൻ വീണ്ടും
ഉറക്കെ ഉറക്കെ വിളിച്ചു
"എണീക്ക് ഇതാ നിന്റെ അമ്മ"


Related Articles