കാപ്പിപ്പൊടിയും ചക്കരയും
ചേർത്തനത്തിയ
ചെറിയ കോപ്പച്ചട്ടിയിലെ
ചൂടുള്ള കടുങ്കാപ്പിബലങ്ങളിൽ
നടന്നു തീരുന്ന നാഴികകളും
ഓടിക്കയറുന്ന സിമന്റു പടികളും.
മെനയാകുന്ന തറകളും നടയും
കിണർവെള്ളം നിറയുന്ന കൂജകളും
പിന്നെ ചില വെളുത്ത
ഗർവ്വ്നോട്ടങ്ങളും
വാമൊഴി ഉത്തരവുകളും
സൂര്യനെ തലയ്ക്കുമീതെ എത്തിക്കുന്നു.
തളരുന്ന മഴകളും നനയുന്ന വെയിലുകളും
ചാരംതൂകിയ കാലുകളെ
കയറ്റിവിടുന്നത്
പ്ലാവിന്റെ ഉയരങ്ങളിൽ.
അകലെ
ചാണകം മെഴുകിയും
കക്കാത്തോടുകൾ പതിച്ചും
ഭംഗിയാക്കിയ തറയും
കഴുക്കോലും ഓലയുംകൊണ്ട്
ഭിത്തിയും വാതിലും ജനലുകളും
മേൽക്കൂരയുമുള്ള കുഞ്ഞുപെരയും
ഓലവിടവുകൾ കാണുന്ന കണ്ണുകളും
ഉയരങ്ങളിൽനിന്നും
വെട്ടിയിറങ്ങുന്ന കമ്പുകളിൽ
നിറയെ ഇലകോട്ടും വീടുകളിൽ
നീറച്ചനും നീറമ്മയും മക്കളും
കടിച്ചും തൂങ്ങിയും ചാരങ്ങൾതൊടച്ച്
പുളിപ്പുകൾ കുത്തുന്നു.
കോതിയടുങ്ങുന്ന
വലിയ ഇലക്കെട്ടുകൾ
പോക്കുവെയിലിന്റെ തലയിലും
പിടിവണ്ടിയിലും
യാത്രകഴിഞ്ഞ് ടൗണെത്തുന്നു
താഴെയിറങ്ങുന്നതും
ഇരിപ്പിടം കണ്ടെത്തുന്നതും
പൊല്ലാപ്പുതന്നെ.
ഇരുപത്തഞ്ചു പൈസ മുതൽ
രണ്ടു രൂപവരെയുള്ള
ഇലക്കെട്ടുകൾ
പല കൈകളിലൂടെ
വീട്ടാടുകളുടെ
അത്താഴമാകുമ്പോൾ
ഒരു കുഞ്ഞോലപ്പെര
കഞ്ഞിയും കപ്പയും അക്ഷരവും
കരുതലുള്ള സ്നേഹവും
കഴിച്ചുറങ്ങുന്നു.
അന്നും എന്നും
ഒട്ടിയവയറിന്റെ മടക്കുകളിലും
കുഴിഞ്ഞുതാണ കണ്ണുകളിലും
നിറംകെട്ടും പിഞ്ഞിയും തുടങ്ങിയ
കൈലിമുണ്ടിലും തോർത്തിലും
പ്ലാവിലക്കറകളിൽ ഒട്ടിപ്പിടിച്ച
നീറിന്റെ പുളിപ്പുകൾ.
This poem beautifully brings to life the textures, scents, and rhythms of Kerala tradition, blending scenes of daily work, local foods, home spaces, and close family moments into a rich, sensory tapestry of memory and culture.
