എവിടെനിന്നെങ്കിലും
കയ്യിൽ വന്നുപെടുന്ന
ഒരു വസ്തു,
എന്നെങ്കിലും ആവശ്യം വന്നേക്കാം
എന്ന തോന്നലിൽ,
ബാഗിലോ വീട്ടിലെ അലമാരയിലോ
സൂക്ഷിച്ചുവെക്കുന്നു.
അതിനെക്കുറിച്ച് പൂർണ്ണമായും
മറന്നുപോയതിനു ശേഷം,
ഒരുപാട് കാലങ്ങൾ കഴിഞ്ഞ്,
ആ വസ്തു
നിങ്ങൾ എടുത്തുവച്ച
അതേ സ്ഥാനത്തുതന്നെ
ഉപയോഗശൂന്യമായി തുടരുകയും,
അത് നിങ്ങളുടെ ജീവിതത്തിന്റെ
ഭാഗമാണെന്ന് കരുതി,
വീണ്ടുമതിനെ അവിടെത്തന്നെ
തുടരാൻ അനുവദിക്കുകയും ചെയ്യുന്നു.
ചിലത് നമ്മൾ
ഒരിക്കലും ഉപയോഗിക്കുന്നില്ല,
ഉപേക്ഷിക്കുന്നുമില്ല,
ഓർക്കാൻ ശ്രമിക്കുന്നുമില്ല,
വലിച്ചെറിയുന്നുമില്ല.
അത് ഒരിക്കൽ
നിങ്ങളുടെ കൈകളിലെത്തിയ
സാഹചര്യത്തെയും,
അതിനെ സൂക്ഷിച്ചുവെക്കാൻ തോന്നിയ
കാരണത്തെയും
നിങ്ങൾ ഓർക്കുന്നുവെങ്കിൽ,
അപ്രധാനമെന്ന്
നമ്മൾ കരുതുന്ന ആ വസ്തു
നിങ്ങളുടെ ജീവിതത്തിൽ
ചില ഇടപെടലുകൾ
നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
