പൂത്തുലഞ്ഞ ഒരാകാശമായിരുന്നവൻ.
ഉള്ളിലൂടൊഴുകുന്ന
ഇടിമിന്നൽ തൊടുന്നവൻ.
പൂക്കൾ ചിറകും,
പതഞ്ഞൊഴുകും കടമ്പും,
ഉരുക്കു വേഗവും,
ചുംബനക്കോട്ടകൾക്ക് സാക്ഷ്യം.
വെളുത്ത പുഴകളെ
കാമിച്ചവൻ.
കറുത്ത പക്ഷങ്ങളിൽ,
ഇന്ദ്രനീലമണിഞ്ഞവൻ.
ഓരോ പ്രണയകാലങ്ങളിലും
സ്വന്തം മഴയിൽ നനഞ്ഞവൻ.
കാത്തു കാത്തിരുന്ന്
പെയ്താറാൻ
ഒരുയിരാകേ വിട്ടുകൊടുത്തവൻ.
പ്രണയഭ്രാന്തെന്ന് ലോകമലറി,
ഒടുവിൽ,
കാമ ഘോരമെന്ന് മൈഥിലിയും.
ശാപജന്മമെന്ന
കൊടുംപഴിയുമേറ്റ്,
ശിരസ്സറ്റ്,
ആകാശവിരിക്കുള്ളിൽ മറഞ്ഞു...
വീണ്ടും,
മഴപെയ്യുന്നു.
ഇന്ദ്രനീലം തുടുക്കുന്നു.
രാവേറെയിരുട്ടിൽ തപ്പുമ്പോൾ,
പൂത്തുലഞ്ഞൊരു ആകാശത്തിരി...
അപ്പോൾ,
കടലാർദ്രമായ് വിളിച്ചു.
ശിരസ്സറ്റ പ്രണയക്കൊടിമരം,
ഭൂമിപിളർന്നു വരുന്നതും കാത്ത്,
അശോകവനത്തിലവളിരി
ക്കുന്നുണ്ടായിരുന്നു.
A heartfelt ode to love's tender depths, penned with lyrical grace by K. V. Sumithra.
