മുടന്തനെ കണ്ടപ്പോൾ
ഓലി വലിയൊരു പുഴയായി
പാലമില്ലാത്തിടത്താകെ കുത്തൊഴുക്ക്.
ആഴത്തിന്റെ ദർപ്പം കാട്ടി
പുഴക്കൊലുസിന്റെ ക്രൗര്യച്ചിരി
മുടന്തന്
തെറ്റിയപ്പോഴൊക്കെ
ഉത്തരക്കടലാസിലപ്പാടെ ചുവന്നവരകൾ.
ശരിയുത്തരം
ആരും ഗൗനിച്ചില്ല.
ചിരിച്ചപ്പോൾ ആരും
കൂടെ ചിരിച്ചില്ല;
'വിധിയുടെ ബലിമൃഗമേ'ന്നലച്ച്
കരയാത്തതെന്തെന്ന്
അവർ അത്ഭുതം കൂറി.
നിലവിളിച്ചപ്പോൾ
ഏങ്ങലിന്റെ ഏക്കത്തിന്
ഊക്കില്ലെന്നും
കണ്ണീരിനു അളവുകുറഞ്ഞെന്നും
ആൽത്തറയിൽ
ഇലകൾ കലമ്പി.
