നോക്കൂ,
നിനക്ക് നിന്റെ മൂല്യം അറിയില്ല.
ആ രത്നവ്യാപാരി നിന്നെ പലതരം
പ്രകാശപരീക്ഷണങ്ങളിലൂടെ
കടത്തിവിടുന്നു.
നീയൊരു അസ്സൽരത്നമാണോ
ഇതാണ് ചോദ്യം.
നീ വണ്ടിയിറങ്ങുന്നു.
തെരുവൂമൂലയ്ക്കൽ ഒരു പന്തം
മുനിഞ്ഞുകത്തുന്നു.
തീ! എത്ര നിസ്തുലമായ പ്രതിഭാസം!
ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങൾ!
വണ്ടികാത്തിരിപ്പുമൂലയിൽ
ഒരു പയ്യൻ
കയ്യിൽ അവശേഷിച്ച
ചെറുറൊട്ടിത്തരികൾ നക്കിനക്കിത്തുടയ്ക്കുന്നു.
നീ കയ്യിലിരുന്ന അവശേഷിക്കുന്ന ആപ്പിൾകഷണം
അവനുകൊടുക്കുന്നു.
നീ അവിടെ ഫ്ളക്സ്
ബോർഡുകളിലൊന്നിൽ
തലചായ്ച്ച്
മാനത്തേക്കു നോക്കുന്നു.
പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളേ..മൂളുന്നു
മൂർച്ചപോയ അരിവാൾമുന
ഫ്ളഡ്ലൈറ്റിൽ വെറുതെ തിളങ്ങുന്നു.
മ്...നോക്കൂ..
നിനക്ക് നിന്റെ വഴി അറിയില്ല.
ആ നാലുംകൂടിയ കവല
നിന്നെ കുഴപ്പിക്കുന്നു.
ഇടത്തോട്ടോ വലത്തോട്ടോ
ഇതാണ് ചോദ്യം.
നീ കവലയിലെ ആൽമരച്ചോട്ടിലിരിക്കുന്നു.
ഒരു നായ,
ഒരു യാചകൻ,
ഒരു തെരുവുഗായകൻ
ഒരു നർത്തകിപ്പെൺകുട്ടി
നാൽവരും കൂടെയിരിക്കുന്നു.
പാമ്പുകൾക്ക് മാളമില്ല,
പറവകൾക്കാകാശമില്ല..
അതെ.
ചേർന്നിരിക്കൂ..
നീ അവരോട്
സൊറപറയാൻ തുടങ്ങുന്നു.
അരയാലിലകൾ ഉലഞ്ഞു.
നിനക്ക് പോകാനുള്ള
വഴി തെളിഞ്ഞു.
