മേഘമേ  വരൂ

Poem

മേഘമേ വരൂ


എനിക്കൊന്ന് കാണണം
ഇപ്പോൾ തന്നെ.
എന്തിനെന്നറിയില്ല
ശ്വാസം ഇപ്പോൾ
നിലക്കുമെന്നത് കൊണ്ടല്ല,
ശരീരം തളർന്ന് പോകുന്നു
എന്ന തോന്നലു കൊണ്ടുമല്ല.
എല്ലാം മാഞ്ഞ് പോകും,
കാറ്റെടുത്ത് പോവും,
കടലെടുത്ത് പോവും,
ഇരുൾ വന്ന് മൂടും
കൂമനും കുറ്റിച്ചൂളാനുംകൊണ്ട് പോകും എന്നതുകൊണ്ടുമല്ല
കാണണമെന്ന തോന്നലുകൊണ്ട്
മാത്രമെന്നു പറയാനുംവയ്യ
കാണുക എന്നത്
കാണാതിരുന്നപ്പോഴുള്ള
വെറുമൊരു ആഗ്രഹം മാത്രവുമല്ല.

കൺമറയും മുമ്പ്
കണ്ണിലേക്കാവാഹിക്കാനുള്ള
വ്യഗ്രതയുമല്ല.
കാണണം എന്നത്
ഓർമ്മകളുടെ മേഘമുനയിൽ നിന്ന്
പെയ്‌തൊഴിയാതിരിക്കാനുള്ള
വെമ്പൽ മാത്രമല്ല.
ചങ്കിൽ വന്ന് നിറയുന്ന
വർത്തമാനത്തിലെ അഗ്‌നിയിൽ പൊള്ളുമ്പോഴുള്ള
പിടച്ചിലാണോയെന്നുമറിയില്ല

ഒരു പൂവിരിയുന്നത് കാണുംപോലെ ഉറക്കമൊഴിച്ച്
കിതപ്പൊതുക്കി
കൺമിഴിച്ച്
ക്ഷമയോടെയാവണം
എന്നെനിക്കറിയാം
എങ്കിലും മിടിക്കുന്നു
കൺപോളകൾക്കുള്ളിൽ
ഇരുളിമ നീങ്ങി
തെളിഞ്ഞ് വരുന്നത് കാണാൻ.


Related Articles