ക്ലാസ്സ് മുറിയിലെ രാവണൻ

Poem

ക്ലാസ്സ് മുറിയിലെ രാവണൻ


പിൻ ബെഞ്ചിലിരുന്നു
രാവണൻ അക്ഷരം
തെറ്റിച്ചെഴുതിയ
പ്രണയ ലേഖനം,
മുൻ ബെഞ്ചിലിരുന്നു
വായിച്ചലറി ചിരിച്ച
സീതയുടെ നുണക്കുഴിയിലെ
വരണ്ട നിളയുടെ
ഫോസിലിൽ നിന്ന് വീണ്ടെടുത്ത
ഭൂതകാല മനുഷ്യന്റെ
ഡി എൻ എയിൽ
രാമനെ കണ്ടുമുട്ടുമ്പോ,
ശാസ്ത്രം മരിച്ചിട്ട്
വിശ്വാസം ജനിച്ച രാത്രിയിൽ ....
വത്മീകങ്ങളിൽ
നിന്നുയിർ കൊണ്ട
മരാമരാ ശബ്ദങ്ങൾ
അസംബ്ലിയുടെ നീണ്ട
ക്യൂവിലകപ്പെട്ട
പാവം കുട്ടികളുറക്കെ-
യുറക്കെയേറ്റു പാടി .....
ശാസ്ത്രത്തെ പടിയടച്ചു
പിണ്ഡം വെച്ച കാരണവർ,
ചരിത്രത്തെ പുതിയ
കോട്ടിട്ട് പാഠപുസ്തകങ്ങളിൽ
കാരിക്കേച്ചറുകളാക്കുമ്പോ,
രാജ്യങ്ങളില്ലാത്ത
രാവണൻ പിൻ ബെഞ്ചിലിരുന്നു
പൂജ്യം വെട്ടുകളിക്കയായിരുന്നു .....
ഒരിക്കൽ പോലും
പിറകോട്ടു നോക്കാത്ത
സീതയുടെ കണ്ണുകളിലെ
നീലസമുദ്രങ്ങളിൽ
തന്റെ രാജ്യമന്വേക്ഷിച്ചു
പോയ രാവണൻ ,
രാമനെ കണ്ടുമുട്ടിയ
ഗണിത ശാസ്ത്ര സമസ്യകളിൽ
തോറ്റമ്പി,
മാതൃഭാഷയ്ക്കു പോലും
വട്ടപ്പൂജ്യം വാങ്ങി …

അയാളുടെ കാടുകളിൽ
പൂവ് വിരിഞ്ഞും,
കായുകൾ പൊട്ടിയും,
പുതിയ വേരുകൾ
മണ്ണിന്റെ ഗർഭസ്ഥലികളിൽ
തണുപ്പ് തേടവേ,
ശീതികരിച്ച എൻട്രൻസ്
ക്ലാസ് മുറികളിൽ
രാമനും സീതയും
പരസ്പരം കൈമാറിയ
പ്രണയത്തിന്റെ
കെമിക്കൽ റിയാക്ഷനുകൾ
അയോദ്ധ്യയെ അഗ്നിശുദ്ധയാക്കി ….
പാവം രാവണൻ
പാഠപുസ്തകങ്ങളിൽ
നിന്നിറങ്ങി,
കാട്ടുവഴികൾ താണ്ടി
പുഴ കടന്ന്, നനഞ്ഞ് തുവർത്തി
വയൽ വരമ്പിലേക്കു
കടന്നു .........

Class Muriyile Ravanan, a poem written by Prasobhchandran C.R.


Related Articles