''അരി വാങ്ങി വാ
വേഗം, പലവ്യഞ്ജനങ്ങളും
പലതും തീർന്നു, മീനുണ്ടെങ്കിലോ വാങ്ങിക്കോളൂ''
''ഒക്കെയും വാങ്ങാം; ഞാനീ
പുസ്തകം വായിച്ചോട്ടെ
പാതിയിൽ നിർത്തിപ്പോകാൻ
മനസ്സു വരുന്നില്ല.
അറിയൂ, ശരീരത്തിൽ
മാത്രമല്ലല്ലോ കാര്യം
നിവരും താളിൽ ജീവപാഠമല്ലയോ പ്രിയേ;
'വായിച്ചു വളരൂ നീ,
വിളയു;വിശക്കുമ്പോൾ
വേവാലാതിയോ? കൈയ്യിൽ
പുസ്തകമെടുത്തോളൂ'
കേട്ടതില്ലേ നീ മഹദ്‌സൂക്തങ്ങളിതേവിധം
വാക്കുകളല്ലോ നമുക്കൂക്കു
നല്കുന്നൂ മേന്മേൽ?''
''ശരിയാണെന്നാൽ
തിന്നാന്നൊന്നുമില്ലെങ്കിൽ പിന്നെ
മനമെങ്ങനെ
തളിർത്തീടുമിശ്ശരീരത്തിൽ?''
ദഗ്ധമാക്കുമാ നോട്ടം നേരിടാൻ
കെല്പില്ലാതെ
പെട്ടെന്നു മാർക്കറ്റിലേക്കൂളിയിട്ടു
ഞാൻ; സ്വര-
മൊക്കെയും പലവ്യഞ്ജനങ്ങളായ്
വേഷം മാറി
ലിസ്റ്റിലുള്ളവയെല്ലാം
വാങ്ങിവന്നിതാ വേഗം!
സ്വസ്ഥമായെന്നോർത്തു ഞാൻ
മുങ്ങുന്നു മുറിക്കുള്ളിൽ;
അവളോ, അടുക്കളപ്പുസ്തകം
തുറക്കുന്നു.
