ചിത്രപ്രദർശനം

Poem

ചിത്രപ്രദർശനം


എന്താ വരയ്ക്കാത്തതെന്ന് ചോദ്യം.
ഏറെ പഴക്കമേറ്റതാണെങ്കിലും
അവിടവിടെ ചെറുപച്ചപ്പുളള ചോദ്യം തന്നെ.

ചോദ്യം ശരിയാണ്. ഉത്തരമാണ് തെറ്റിയത്
വാരിവലിച്ച് വരച്ചിരുന്നു.
സ്റ്റുഡിയോയിൽ കുടിയിരുത്തിയ പ്രകൃതി
നരച്ച് ചിലന്തിക്കൂടായിരിക്കുന്നു.
മരണപ്പെട്ടവരിൽ ചിലർ പാതിചിത്രമായി
മുറിമൂലയിൽ പ്രാണൻ കാത്തിരിപ്പുണ്ട്.
ചില പെൻസ്കെച്ചുകൾ വാതിൽപ്പാളിമേൽ
ഒട്ടിപിടിച്ച് മങ്ങിയിരിപ്പുണ്ട്.

കോരിയൊഴിച്ച ചായങ്ങളിലെവിടെയോ
മുങ്ങിപ്പോയ മുഖം തപ്പി നടപ്പാണിന്ന്.
ബ്രഷുകൾ കോർത്തു കെട്ടിയ ചങ്ങാടത്തിലാണ് പണ്ട് ഞാൻ
അക്കരയിക്കരെ തുഴഞ്ഞിരുന്നത്.
സപ്തവർണ്ണങ്ങൾ തേച്ച ആകാശചരുവിൽ
നിന്നാണ് ചിത്രസ്വപ്നങ്ങൾ കണ്ടത്.
നിദ്രകളിൽ പെയ്ത പെരുമഴ നനഞ്ഞാണ്
വാൻഗോഗിനോടൊപ്പം നടന്നത്.
യെല്ലോ ഒക്കർ* വാരിത്തേച്ച ഇളവെയിലത്ത്
ഗോതമ്പു പാടത്ത് കൊയ്യാനിറങ്ങിയത്.

വന്നവർ ചുമരിലാടുന്ന ചിത്രങ്ങളിൽ
അതിശയം കുറിച്ചിട്ടു. സന്ദർശക താളിൽ
അത്ഭുതം, വിസ്മയം,എന്നിങ്ങനെ എഴുതി.
കാലത്തെ തോൽപ്പിച്ചതെന്നും ഒപ്പമോടിയതെന്നും പുറം തട്ടി പറഞ്ഞു.
എങ്കിലും ആർട്ട് ഗാലറികൾ കയറിയിറങ്ങിയ
ചിത്രക്യാൻവാസുകൾ ഒന്നിച്ചുകെട്ടി
അമ്മ പുളളിക്കോഴികൾക്കൊരു കുടു പണിഞ്ഞിരിക്കുന്നു.
എന്നാ പിന്നെ നീയെൻ്റെ കൂടെ കൂടിക്കൊള്ളു.
ഞാനിപ്പോൾ പെയിൻ്റിംഗ് കോൺട്രാക്ടറാണന്ന്
ചിത്രവര പഠിപ്പിച്ച ആശാനും.!!


Related Articles