അലമേലു ഞാൻ, നിത്യം
ഗുരുനിന്ദനംകൊണ്ടേ
പുലരാൻ വിധിക്കപ്പെട്ടോൻ,
പാഠങ്ങൾ മറന്നവൻ!
ഭാഷതൻ മുറിവിന്നു
നാട്ടുപച്ചയ്ക്കായെന്നും
നോക്കിനിൽക്കുന്നൂ,
ഐ.ടീ.വരമ്പിൽ
മാഷിൻ ഫോട്ടോ!
കുണുങ്ങിക്കുണുങ്ങിയി-
ങ്ങുണ്ണുവാനെത്തും കുഞ്ഞി-
ന്നമൃതേകുവാൻ
വിഷംതൊട്ട മാമ്പഴം
മാത്രം!
പെണ്ണിതുപുലിക്കൂട്ടിൽ
അഭയം പ്രാപിക്കുന്നു;
മുന്നിലായ് മർത്ത്യൻ
ക്രൂരമൃഗമായുണരുമ്പോൾ;
ഉഴിഞ്ഞാൽ കെട്ടിത്തന്ന
കയറിൽ പിടിക്കുമ്പോൾ
ഉയിരിൽ മുറുകുന്നു,
സ്‌നേഹത്തിൻ
കൊലക്കയർ!
എണ്ണകൊണ്ടുപോം പുഴു
ചിറകു വിരിയാതെ!
ദൈവമെന്നാലോ,
വർണ്ണപക്ഷത്താൽ
നായാടുന്നു!!
സഹ്യന്റെ മാറിൽ
യന്ത്രത്തേറ്റകളമരുമ്പോൾ,
ഹൃത്തടം പിളർന്നാദി-
ഗോത്രത്തിൻ
ചിന്നംകേൾപ്പൂ;
അസ്വതന്ത്രാത്മാവിന്റെ
രോദനം, സമുദ്രത്തി-
ന്നത്യഗാധതകളിൽ
മാറ്റൊലിക്കൊള്ളുന്നെങ്ങും.
Poem reflects the inner sorrow of an unfree soul struggling against a harsh, changing world.
