ആ ചൈനീസ് ചൊല്ലിലെ പാതി
നീയല്ല.
ആയിരുന്നെങ്കിൽ
ഒരു തടിപ്പിന്റെപോലും
വ്യതിയാനമില്ലാതെ
ചേരുമായിരുന്നു സത്തകൾ.
നീ പുരുഷൻ
തിരയെണ്ണി തിരയെണ്ണി
തിരയെന്നു മാത്രം
നിനച്ചൊരു കടൽ ഞാൻ
നീയെന്നെ
ജലത്തുള്ളിയെന്നും
വിങ്ങും മേഘമെന്നും മാത്രം കണ്ടു.
ഓ, എന്റെ തുള്ളികളുടെ പെരുക്കം...
എത്ര വിസ്തൃതമാം കരയെയും
ഉൾക്കൊള്ളാൻ വ്യാപ്തിയിൽ
ഏതാഴത്തിലെയാഴത്തെയും
അളക്കാൻ ആഴത്തിൽ.
ഞാൻ ആകാശം കയറുന്നതും
മേഘപ്പിറയറിയുന്നതും
ഭൂമിയെ വിതാനിക്കുന്നതും
സർവപ്രകൃതിയെയും
സ്നാനപ്പെടുത്തുന്നതും കാണാൻ,
എന്റെ വിങ്ങലിനൊടുവിലാണ്
ഭൂമി പൂക്കുന്നതെന്നും
കാണാനുള്ളൊരു മൂന്നാം കണ്ണിനിയും
തുറന്നിട്ടില്ല നിന്നിൽ.
രണ്ടു പുറംകണ്ണുകളുടെ
കാഴ്ചയിൽ തെളിയുമോ
കാണേണ്ടവയെല്ലാം?
രണ്ടു പുറംകാതുകളുടെ
കേൾവിയിൽ തികയുമോ
കേൾക്കേണ്ടവയെല്ലാം?
പ്രപഞ്ചനടനത്തിലെ
ചില തുണ്ടുകൾമാത്രം നിൻ
കണ്ണിൻമുന്നിൽ.
പ്രപഞ്ചഗീതത്തിലെ
ചില ശീലുകൾ മാത്രം നിൻ
കാതിൻമുന്നിൽ.
നീ തുറക്കില്ല
അതീതമാം കാഴ്ചയുടെ കണ്ണ്
അതീതമാം കേൾവിയുടെ ഉൾക്കാത്.
അപ്പോഴാ
ചൈനീസ് മൊഴിയിലെ പാതി
ഏതെന്ന് നമുക്കൊന്നിച്ച്
ചോദ്യമെയ്യാം.
ശരഗതിയിൽ, ഉന്നംതെറ്റാപ്പാച്ചിലിൽ
ശരമുന തൊടുന്നു
ഒരു അരൂപത്തെ.
ഇല്ല പദങ്ങൾ വർണ്ണിക്കാൻ.
രൂപസാധ്യതകൾക്കുമേലെ
പിറക്കാത്ത രൂപങ്ങളോട്
പിറക്കാത്തയനുഭവങ്ങളോട്
സഖ്യം ചേരുന്നു, അരൂപം.
കാണുന്നു ഈ മൂന്നാംകണ്ണിൽ
ആ അക്ഷയനെ,
നിശ്ചലമാമച്ചുതണ്ടിനെ.
ഭൂഗോള മായാലീലകളെ
കറക്കിവിട്ട് നിശ്ചലം നില്ക്കുമച്ചുതണ്ട്.
കൊടുങ്കാറ്റുകൾ പിറവികൊള്ളുന്നതും
ഇളംകാറ്റ് മന്ദമെത്തുന്നതും
മേഘങ്ങൾ പുറപ്പെടുന്നതും
വിങ്ങലുകൾ മഴയായ് തൂവുന്നതും
അതിൻ നിശ്ചലമാം അതിദ്രുത
ഗതിയിൽനിന്ന്.
ചെന്നുതൊടുന്നു ചില മാത്ര ഞാനാ
അച്ചുതണ്ടിനെ.
ഇപ്പോൾ പറയാനാവുന്നു,
ആ ചൈനീസ് മൊഴിയിലെ പാതി
ആ അക്ഷയൻ,
അശരീരി.
ചേർന്നൊട്ടുവാനാ
സർവസാധ്യമാം പ്രജ്ഞ,
അരൂപം.
Jeny Andrews' poem is a contemplative and metaphysical meditation on perception, consciousness, and the ineffable, where the speaker explores the limits of human senses, the unseen dimensions of existence, and the union of the formless with ultimate wisdom.
