നേരേ മുന്നിലായി തകർന്ന കോട്ടകൾ.
ഇഴയടുപ്പങ്ങൾ അകന്ന കല്ലുകൾ
ചിതറിയ വഴികൾ.
ആരുമില്ലാത്ത ഇടങ്ങളിലേക്ക് വീണ
നിഴൽരൂപങ്ങളിലൂടെ ചരിത്രം
പതിയെ നടന്നുകയറുന്നു.
കൈകൾ കോർത്തുപിടിക്കുമ്പോഴും
ഊർന്നുപോവുന്നുണ്ട് നാം കണ്ട കിനാവുകൾ,
പകുതിയിൽ പാടി നിർത്തിയ പാട്ട് പോലെ.
തെളിമയാർന്ന ഭൂതകാലങ്ങളിലേക്ക്
അധിനിവേശത്തിന്റെ കുളമ്പടിയൊച്ചകൾ.
മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളുമായി
തകർന്നുപോയ കോട്ടകൾ.
വക്കടർന്ന ശിലകളുടെ കഥപറച്ചിലുകൾ
മുറിവുകൾ തുന്നിക്കെട്ടിയ ചിത്രത്തൂണുകളുടെ
പതംപറച്ചിലുകൾ.
കുങ്കുമം പടർന്നൊരു വെള്ളിത്താലത്തിൽ നിന്ന്
പഴയ കാലങ്ങളുടെ നിർത്താതെയുള്ള
നിലവിളികൾ.
തകർന്നുപോയ കോട്ടകൾ എപ്പോഴും
ചരിത്രങ്ങളെ രണ്ടായി വേർതിരിക്കുന്നു.
എന്നിൽ നിന്ന് എന്നിലേക്കുള്ള ദൂരമളന്ന്
ഞാൻ മറുകരയെത്തുന്നു.
കാലത്തെ നെടുകെ മുറിച്ച കോട്ടകൾ
ഇപ്പോഴും മങ്ങാതെ നില്പ്പുണ്ട്
ചരിത്രത്തിന്റെ വെളിമ്പറമ്പുകളിൽ.
Summary: Charithrathinte Avaseshippukal, poem by Sanjaynath
