കത്തിയ മേഘങ്ങൾ

Poem

കത്തിയ മേഘങ്ങൾ


പക്ഷികൾ ഉപേക്ഷിച്ച തൂവൽ കൊണ്ട്
മിഴിയിൽ ആകാശം വരയ്ക്കുന്നൊരാൾ
ഇപ്പോഴും
എന്റെയുള്ളിൽ ഉറങ്ങാതിരിക്കുന്നു.

അവൻ വരച്ച ആകാശത്ത്
നക്ഷത്രവും മേഘവും മഴവില്ലും നിലാവും
മഴയും പറവകളുമെല്ലാം ഉണ്ടായിരുന്നു.

ആകാശം
രേഖകൾ കൊണ്ടു തിരിച്ചതായിരുന്നു.
ആയുധങ്ങൾ
പാഞ്ഞുപോകുന്നതായിരുന്നു.

കത്തിയ മേഘങ്ങൾ
വീടിന്റെ മേൽക്കൂരയിലും മുറ്റത്തും
വീണുകിടക്കുന്നതു കണ്ടായിരുന്നു
പ്രഭാതങ്ങളിൽ അവൻ ഉണർന്നിരുന്നത്.
അവന്റെ സ്‌കൂൾ കല്ലുകളായി
ചിതറിക്കിടക്കുന്നതൊരിക്കൽ കണ്ടു,
അതിനു ശേഷം
അവൻ സ്‌കൂളിൽ പോയിട്ടില്ല.


Related Articles