ബുള്ളറ്റ് ട്രെയിനിൽ ഒരു ധ്യാനി

Poem

ബുള്ളറ്റ് ട്രെയിനിൽ ഒരു ധ്യാനി


ബുള്ളറ്റ് ട്രെയിൻ
അതിവേഗത്തിൽ
കുതിക്കുകയായിരുന്നു.
അയാൾ തൻ്റെ സീറ്റിൽ ഉറച്ചിരുന്നു,
അയാൾ ധ്യാനിക്കുകയായിരുന്നു.

ഇടയ്ക്കിടെ ട്രെയിൻ
വേഗം കൂട്ടുകയും
കുറയ്ക്കുകയും ചെയ്തു.
ചില സ്റ്റോപ്പുകളിൽ നിർത്തി.
അയാൾ ശ്രദ്ധിച്ചതേയില്ല,
ധ്യാനം തുടർന്നു.
അതിവേഗക്കുതിപ്പിലും
ധ്യാനിക്കാനാകുമെന്ന്
അയാൾ തെളിയിച്ചു.
മനസ്സുണ്ടാകണമെന്നു മാത്രം.

താമസിയാതെ സവിശേഷമായൊരു അലാറം
മൊബൈലിൽ മുഴങ്ങി.
അയാൾ ഉണർന്നു.
ഇറങ്ങേണ്ട സ്റ്റോപ്പായിരിക്കുന്നു,
തയ്യാറെടുപ്പുകളോടെ എഴുന്നേറ്റു.
ആൾക്കൂട്ടത്തിൽ തനിയെയാകാനും
അതിവേഗക്കുതിപ്പിൽ ധ്യാനിക്കാനും
എങ്ങനെ സാധിക്കുന്നു?
സുഹൃത്ത് ചോദിച്ചു.

പഴയകാലത്ത്
പുരാണങ്ങളിലെ മുനിമാർ
തപസ്സനുഷ്ഠിച്ചതും
അതിവേഗത്തിലായിരുന്നു.
വാല്മീകിയെ ചിതൽ മൂടുമ്പോഴും
വേഗത്തിനൊരു കുറവുമുണ്ടായില്ല.
അവരെല്ലാം ഭൂമിയിലായിരുന്നു,
ഭൂമി ഭ്രമണം ചെയ്യുകയായിരുന്നു.
ശരിയായ ധ്യാനത്തിനു മുന്നിൽ
ഭ്രമണവേഗങ്ങൾ പരാജയപ്പെടുമെങ്കിൽ
ബുള്ളറ്റ് ട്രെയിനിനെ
ആരു പരിഗണിക്കുന്നു?


Related Articles