എവിടെ നിന്നാണ്
എനിക്ക് വാക്കുകൾ കിട്ടിയത്?
എപ്പോഴാണ് ഞാൻ
വാക്കുകൾ ചേർത്തുവച്ചെഴുതിയത്?
ഞാൻ എഴുതിക്കഴിയുമ്പോൾ
എവിടേയ്ക്കാണ് വാക്കുകൾ പോകുന്നത്?
തോന്നലുകളും വിചാരങ്ങളും
ആശയങ്ങളും പകർത്തുമ്പോൾ
വീണ്ടുമതൊക്കെ വായിക്കുമ്പോൾ
എന്തോ ഒന്നിനാൽ
ഒന്നുമില്ലാതെ
അകം നിറയുന്നത്
എനിക്ക് തിരിച്ചറിയാൻ കഴിയും.
കഴിഞ്ഞ ദിവസം നടക്കാനിറങ്ങി
നഗരത്തിരക്കിലൊരിടത്ത്
ഒറ്റയ്ക്കൊരു പൂച്ചയിരിക്കുന്നത് കണ്ടു.
ആളുകളതിനെ കടന്നുപോകുന്നു.
പൂച്ച മാറുന്നേയില്ല.
ഒറ്റ ഇരിപ്പ്.
ജനം വകഞ്ഞുമാറി
തിരക്കുകളിൽ ഇല്ലാതാവുന്നു.
അൽപം കഴിഞ്ഞ്
ആ പൂച്ചയെന്നെ നോക്കി
എന്റെയരികിൽ വന്നെന്റെ
കാലുകളിൽ ഉരുമ്മി.
വർഷങ്ങൾക്ക് ശേഷം
ഒരു വാക്ക്
എന്നെ തൊടുന്നതായി തോന്നി.
പൂച്ച അവിടെയിരുന്നതിന്
വെള്ളത്തിലൊരു
തരംഗം ഉണ്ടാവുന്നതിന്റെ ജ്യാമിതി.
കാലങ്ങൾക്കപ്പുറം
മനസ്സിലൊരു രൂപം ഉരുവായി വന്നതിൽ
എനിക്ക് സന്തോഷം തോന്നി.
വീണ്ടും നടത്തം തുടർന്നു
മറൈൻ ഡ്രൈവിലിരുന്ന് അസ്തമയം കണ്ടു.
റോഡിനപ്പുറം ജനലിൽ
സൂര്യന്റെ പ്രതിബിംബം.
വാഹനങ്ങൾ ഇടയിലൂടെ പായുന്നുണ്ട്
എങ്കിലും എനിക്കത് കാണാം.
തിരക്കിനപ്പുറം കണ്ണാടിയിൽ ഞാൻ നോക്കി നിന്നു.
മറ്റൊരു ചിത്രം ഉണ്ടാവുന്നു.
