ഓരോ കൊറ്റിക്കും
ഓരോ തടാകം
കുടിക്കുവാനും
കുളിക്കുവാനും.
ഓരോ കൊറ്റിക്കും
കഴിക്കുവാനുള്ള
മീനിന്റെ പുറത്ത്
അതാത്
കൊറ്റിയുടെ പേര്
ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
വെളുത്ത ബോർഡിൽ
കറുത്ത ചോക്ക്.
ചായങ്ങളില്ലാതെ
ചമയങ്ങളില്ലാതെ
ഒറ്റക്കാലിൽ
ഒറ്റയാനായി നിൽക്കുന്ന
വേര്.
വേര് പടർപ്പിൽ നിന്നും
ഊളിയിട്ടിറങ്ങുന്ന
ജന്മാന്തര
വേരോട്ട സഞ്ചാരങ്ങൾ.
കഥകൾക്കപ്പുറം
അപ്രസക്തമാവുന്ന
കഥാപാത്ര സഞ്ചാരങ്ങൾ.
പെട്ടെന്ന് പെയ്ത
മഴനീരൊഴുക്കിന്റെ
ഇടിമിന്നൽ പ്രളയത്തിൽ
ഒലിച്ചിറങ്ങുന്നു
വെളുത്ത നിറമുള്ള
ചോരച്ചാലുകൾ.
എല്ലാ ചോരക്കും
നിറം ചെമപ്പെന്ന്
എഴുതിവെച്ച കവിയുടെ
ചോരക്കണ്ണിലും
വെളുത്ത വരകൾ വീഴുന്നു.
