ബിഞ്ച് വാച്ചിങ്

Poem

ബിഞ്ച് വാച്ചിങ്


തുലാത്തിലെ മാനം
ഇരുണ്ടുകറുക്കുംപോലെ
വിവര്‍ണമാകുന്ന കവിളുകള്‍
എപ്പോഴുമൊരു ബാധ്യതയാണ്.

ഉരിയാടും മുന്നേ ഇഷ്ടക്കേടിനെ
മണത്തറിഞ്ഞ് അത് ഉരുണ്ടുകൂടും.
സങ്കടഹേതുവിനെ വില്ലനാക്കി
ഒരു സിനിമ ഉള്ളില്‍ കളിക്കും.

വലിച്ചുകെട്ടിയ തിരശീലയില്‍
ആലിപ്പഴം വീഴ്ത്തിയ തുളകളിലൂടെ
കണ്ണുനീര്‍ മേല്‍വിലാസത്തിലൊപ്പിടും.

കണ്ണുനീരില്‍ തങ്ങിയ
സിനിമാ സീനിനെ എറ്റി
ആകാശത്തേക്ക് തെറിപ്പിച്ച്
സിനിമാ കാഴ്ച പുനരാരംഭിക്കും.


Related Articles