ഭയം

Poem

ഭയം


ഭയത്തെ 
കവിതയിലാക്കുന്നതെങ്ങനെ....
ഇരുട്ടിലേക്ക് മാറി നിന്നുകൊണ്ടോ?
പിടഞ്ഞു മാറി മറ്റൊരു വഴിയേ
കണ്ണുപൂട്ടി നടന്നുകൊണ്ടോ ?
ആത്മാവിൻ്റെ മരണം അടുത്തെന്ന് 
കേണ് ഒളിച്ചിരുന്നിട്ടോ?
ഉടലിൽ ചോര പൂക്കുന്ന 
വസന്തത്തെ ക്ഷണിച്ചു കൊണ്ടോ?
ഓരോ നിമിഷവും
വേഷം മാറി ലോകത്തെ 
കബളിപ്പിച്ചു കൊണ്ടോ?
ഒച്ചകേട്ട് ശത്രു വരുമെന്നോർത്ത്
നിശബ്ദത നടപ്പിൽ പോലും 
ആവർത്തിച്ചുകൊണ്ടോ ?
എപ്പോഴും ചിരി പുതച്ച്
വേദിയിൽ ജീവിച്ചു കൊണ്ടോ?
ഞാനല്ല ഞാനല്ലെന്ന്
എന്നെത്തന്നെ
അവിശ്വസിച്ചു കൊണ്ടോ?
ഒരു തീരത്തും
തങ്ങാതെ
ഒഴുകിക്കൊണ്ടോ
ഭയം എന്ന വാക്കിനെ 
വെട്ടിമാറ്റി
കവിത പൂർത്തീകരിച്ചുകൊണ്ടോ?


Related Articles