ഒരുറുമ്പ്
ഒരു കുഞ്ഞുറുമ്പ്
ഒരു തേനുറുമ്പ്
ഒറ്റയ്ക്കിഴഞ്ഞിഴഞ്ഞു
നീങ്ങുമ്പോൾ
കണ്ടു,
പഞ്ചാരമണലിലൊരു
പൊൻമല.
വളഞ്ഞും പുളഞ്ഞും
തിരിഞ്ഞും കുനിഞ്ഞും
മുനിഞ്ഞും
പൊങ്ങിയും താണും കിടക്കുന്ന
മാമല!
മലയ്ക്കുമപ്പുറം
‘ആലുണ്ട്, ഇലയുണ്ട്
ഇലഞ്ഞിയുണ്ട്’
പൂമലയുണ്ട്
പൂങ്കാറ്റുണ്ട്
ചോലയുണ്ട്
ചോലയിൽ കുളിക്കണ
ചോപ്പുണ്ട്...
കുളികഴിഞ്ഞീറനും ചുറ്റി
പാട്ടു മൂളും പൗർണ്ണമിയുണ്ട്
കൂട്ടുകൂടാൻ കുട്ട്യോളുമുണ്ട്,
അപ്പുറത്തെത്താൻ തിടുക്കമായി.
ഒരറ്റത്തൂന്ന് തുടങ്ങി
മേലോട്ടെത്രയോ നിരന്നു
താഴോട്ടുള്ള
യാത്രയിൽ 'ഭ' കടന്നു
ഭൂമിയും കടന്നു
വള്ളിയും പുള്ളിയും കൂടാതെ
ഇടത്തോട്ട് വാ തുറന്നൊരു 'റ',
ചന്ദ്രക്കലപോലെയൊരു റ!
കുട്ടിയുറുമ്പ് 'റ'യെ നോക്കി
വാ പൊളിച്ചു,
റ ഉറുമ്പിനെയും നോക്കി
വാ പൊളിച്ചു.
