ഭരണിയുറുമ്പുകൾ

Poem

ഭരണിയുറുമ്പുകൾ


പഞ്ചാരഭരണിയിലെ 
ഉറുമ്പുകൾക്കെല്ലാം 
പ്രമേഹമായിരുന്നു.
കാല്പനികതയുടെ 
വെളുത്ത തരികൾ 
ഭരണിയാകെ നിറഞ്ഞു.

ഭരണിസ്വർഗ്ഗം കടക്കാൻ 
ഒരുറുമ്പും ഇഷ്ടപ്പെട്ടില്ല.
മൺതരികളിൽ 
പാദങ്ങൾ തൊട്ട കാലം 
എന്നോ മറന്നു.

പ്രണയിക്കുമ്പോൾ 
ഭരണിയുറുമ്പുകളായിരുന്നു നാം.
അവളെയല്ലാതെ 
മറ്റൊന്നും കണ്ടില്ല. 
ലോകം വിശാലമായിരുന്നിട്ടും!

ഓരോ ഉറുമ്പും ലക്ഷ്യമിട്ടു:
മുഴുവൻ പഞ്ചാരത്തരികളും 
തിന്നുതീർക്കണം 
തിന്നു മടുക്കുമ്പോൾ 
അതിൽത്തന്നെയുറങ്ങും
അവിടെത്തന്നെ രമിക്കും
അവിടെത്തന്നെ വിസർജിക്കും.
തീറ്റയജ്ഞം.
അരിച്ചരിച്ച്
കാർന്നുകാർന്ന്
നുണഞ്ഞുനുണഞ്ഞ് 
ആസ്വദിച്ചാസ്വദിച്ച്
ഉറുമ്പുകൾ മുന്നേറി.


Related Articles