അലതല്ലിടും സ്വപ്നങ്ങൾതൻ കൂമ്പാരത്തിനു
മുന്നിൽ ഇന്നവൾ ഒരു കൊച്ചുപെണ്ണിനെപ്പോൽ
പകച്ചു നിൽക്കുന്നു, കാരണം അതെല്ലാം
ഒരിക്കൽ അവൾ നെഞ്ചോട് ചേർത്ത് വെച്ച പ്രതീക്ഷകളായിരുന്നു.
അവളുടെ ജീവിതത്തിനു നിറമേകുന്ന പ്രതീക്ഷകൾ....
എന്നാൽ കാലങ്ങൾക്കിപ്പുറം എല്ലാം മാറിയിരിക്കുന്നു,
കൂടെ അവളും
ഇന്നവൾ ആ പഴയ കൊച്ചുപെണ്ണല്ല
നെറ്റിയിൽ സിന്ദൂരം ചാർത്തിയ കുടുംബിനിയാണവൾ
നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ടവൾ
അവളിനി ഓടേണ്ടത് സ്വപ്നങ്ങൾക്ക് പിറകെയല്ല
വീട്ടുജോലികൾക്കും കുട്ടികൾക്കും പിറകെയാണ്
അവളിനി എണ്ണേണ്ടത് നോട്ടുകളല്ല
അടുക്കളയിൽ കഴിഞ്ഞുപോയ
സാധങ്ങളുടെ ലിസ്റ്റുകളാണ്
അവളിനി കേൾക്കേണ്ടത് ക്ലാസുകളല്ല
ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും
കുറ്റംപറച്ചിലുകളുമാണ്
അവളിനി തയ്യാറെടുക്കേണ്ടത്
പരീക്ഷ ജയിക്കാനല്ല
ജീവിതം എന്ന പരീക്ഷണത്തെ ജയിക്കാനാണ്.
Aval, poem written by Pratyusha P. V.
