ആത്മഹത്യ ചെയ്തവന്റെ ഒസ്യത്ത്

Poem

ആത്മഹത്യ ചെയ്തവന്റെ ഒസ്യത്ത്


ഇതെന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.
ആർക്കും അവകാശം പങ്കിടാൻ തയ്യാറല്ലാത്ത
മുൻകാല തിരഞ്ഞെടുപ്പുകൾക്കു സമാനമായ
എന്റെ മാത്രം സ്വന്തമായ തിരഞ്ഞെടുപ്പെന്ന
കൃത്യമായ ആമുഖമുള്ള കുറിപ്പായിരുന്നു
ആത്മഹത്യ ചെയ്തവന്റെയവസാന കുറിപ്പ്

പിരിമുറുക്കത്താൽ കൈവിറച്ചു
വികൃതമാകാത്ത,യക്ഷരത്തിൽ,
കണ്ണീർ വീണു നനഞ്ഞു കുതിരാത്ത
വായനക്കൊരു തടസ്സവും വരാത്ത,
ഒരു വെട്ടലും തിരുത്തുമില്ലാത്ത
തികച്ചും സമ്പൂർണമായൊരു കുറിപ്പ്.

നിയമവിദഗ്ധർ തയ്യാറാക്കുന്ന
വിരസമായി ആവർത്തിക്കുന്ന
തണുത്തു മരവിച്ച വാക്കുകളല്ല,
ഹൃദയം കൊണ്ടെഴുതിയിട്ട
വിചാര വികാരങ്ങൾ സംവദിക്കുന്ന
വാക്കുകളായിരുന്നു ആ കുറിപ്പുകളിൽ

'ഇതെന്റെ ഒസ്യത്ത്' എന്ന തലക്കെട്ടിൽ
സകല മുൻവിധികളും തിരുത്തിക്കുറിച്ചു
ഒരു വാക്കും പറയണ്ടപ്പോൾ ഉരിയാടാതെ
സൂചിപ്പിച്ചു പോലും വ്രണപ്പെടുത്താത്ത
വാക്കുകളുടെ നിറ സഞ്ചയമായിരുന്നു
ആ കുറിപ്പിലാകെ നിറഞ്ഞു നിന്നത്.


Related Articles